പട്ടാപ്പകൽ 9.95 ലക്ഷം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; തട്ടിപ്പറിച്ച ലക്ഷങ്ങൾ ഹവാല പണമെന്ന് സൂചന
text_fieldsമുഹമ്മദ് ഷാഫി
നിലമ്പൂർ: ബാങ്കിൽനിന്നു പണവുമായി ഇറങ്ങിയ യുവാവിൽനിന്ന് 9,95,000 രൂപ കവർന്ന സംഭവത്തിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫിയെ (23) ആണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കൊടക്കാടുള്ള വീട്ടിൽവെച്ച് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 11.45ഓടെ നിലമ്പൂർ ജില്ല ആശുപത്രി റോഡിലുള്ള ബാങ്ക് ഓഫ് ബറോഡക്ക് മുൻവശത്താണ് പിടിച്ചുപറി സംഭവം നടന്നത്. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തേക്കിറങ്ങുമ്പോൾ പുറത്തുകാത്തുനിന്ന കവർച്ചാസംഘം ഫിറോസിനെ ആക്രമിച്ച് പണം അടങ്ങിയ പൊതിയുമായി കാറിൽ കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം.
പരാതിക്കാരന്‍റെ നീക്കങ്ങൾ നിരീക്ഷിച്ച് കവർച്ചസംഘത്തിന് വിവരം കൈമാറിയത് സംഘത്തിൽ ഉൾപ്പെട്ട ഷാഫിയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികൾ കവർച്ചക്കെത്തിയ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവരുടെ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഇൻസ്പെക്ടറെ കൂടാതെ എസ്.ഐ കെ.എം. അർഷിദ്, എ.എസ്.ഐ അനീഷ്, സീനിയർ സി.പി.ഒ അനൂപ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാവിന്‍റെ കൈയിൽനിന്ന് നാലംഗസംഘം പിടിച്ചുവാങ്ങിയ പണം ഹവാല പണമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഫിറോസിന്‍റെ അക്കൗണ്ട് നമ്പർ ഹവാല സംഘം വാടകക്കെടുത്തതാണെന്നാണ് സംശയിക്കുന്നത്. ബാങ്കിലെ അക്കൗണ്ടിലേക്ക് വന്ന പണം കമീഷൻ എടുത്ത് പുറത്ത് കാത്തുനിൽക്കുന്നവരെ ഏൽപിക്കാനാണ് ഫിറോസിന് ലഭിച്ച നിർദേശം. എന്നാൽ, പണം മുഴുവനായും കൈക്കലാക്കാൻ ഫിറോസ് ശ്രമിച്ചതോടെയാണ് ബാങ്കിന്‍റെ പരിസരത്ത്നിന്നുതന്നെ പിടിച്ചുപറിയും ആക്രമണവും ഉണ്ടായത്. പണവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഫിറോസിനെ നാലംഗസംഘം പിൻതുടർന്നാണ് പണം തട്ടിപ്പറിച്ചെടുത്തത്. സംഘർഷത്തിൽ ഫിറോസിന്‍റെ കൈക്ക് കത്തികൊണ്ടുള്ള പരിക്കേറ്റിട്ടുണ്ട്. പണം പിടിച്ചുപറിക്കിടയിലെ സംഘർഷത്തിൽ ഫിറോസിന്‍റെ കൈവശം ഉണ്ടായിരുന്ന കത്തി തട്ടിയാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. പണത്തിന്‍റെ ഉറവിടത്തെകുറിച്ചും ഇത് ആര് അയച്ചതാണെന്നുമുള്ളതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

