മലവെള്ളപ്പാച്ചിൽ കവർന്നത് ആറു ജീവൻ; കോട്ടപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
text_fieldsസജിത
നിലമ്പൂർ: പൂക്കോട്ടുംപാടം ടി.കെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം കൂടി. ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ടി.കെ കോളനി സ്വദേശി സജിത (27) യാണ് മരിച്ചത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സജിതയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ആണ് ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവതിയെ കാണാതായത്.
വണ്ടൂർ സ്വദേശി സജ്ജാദ് (23), കരുവാരക്കുണ്ട് സ്വദേശി റഹീം (45), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് (39) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ (31), തിരൂർ സ്വദേശി മുഹമ്മദ് കുട്ടി (65) എന്നിവരുടെ മൃതദേഹം ഞായറാഴ്ച തന്നെ ലഭിച്ചിരുന്നു.
കാണാതായ സജിതക്കായി രണ്ട് ദിവസം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് പുഴയിലും അനുബന്ധ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം നടത്തിയത്.
മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും.
വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായി എത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

