നിലമ്പൂർ: ഒരു കുടുംബത്തിലെ ഒമ്പതുപേർ ഉൾപ്പെടെ നിലമ്പൂരിൽ 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതിൽ 13 കേസുകളും സമ്പർക്കമാണ്. ചന്തക്കുന്നിലെ മത്സ‍്യമാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരികരിച്ചത്. കൂടാതെ ജില്ല ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്ന 72കാരിക്കും രോഗം സ്ഥിരീകരിച്ചു.
ആൻറിജെൻ പരിശോധനയിൽ ഫല നെഗറ്റിവായിരുന്നു. പിന്നീട് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് ആശുപത്രിയിലെ ജീവനക്കാർ ഇവരെ ചികിത്സിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാർ ഭയക്കേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ഒരു ഗർഭിണിയും കൂറ്റമ്പാറയിലെ ഒരു ഓട്ടോ ഡ്രൈവറും ഉൾപ്പെടും. നിലമ്പൂരിൽ ഇതോടെ 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12 പേർ രോഗമുക്തിനേടി. കൂടാതെ മേഖലയിൽ മൂത്തേടം പഞ്ചായത്തിൽ രണ്ടും അമരമ്പലം, കരുളായി, ചാലിയാർ പഞ്ചായത്തുകളിൽ ഓരോ കേസും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. നഗരസഭയിൽ ആൻറിജെൻ പരിശോധനക്ക് ശേഷം ആരോഗ‍്യവകുപ്പ് നടത്തുന്ന സർവേ പുരോഗമിച്ചുവരുകയാണ്.