നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒടുവിൽ മത്സരരംഗത്ത് പത്തു പേർ; നാല് പേര്‍ പത്രിക പിന്‍വലിച്ചു
text_fieldsമലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഒടുവിൽ മത്സരരംഗത്ത് പത്തു പേരുടെ ചിത്രം തെളിഞ്ഞു. 14 പേരായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത്. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തു പേരാണ് മത്സര രംഗത്തുള്ളത്.
ഇതില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അന്‍വറിെന്റ അപരനുള്‍പ്പടെയുള്ള നാലുപേർ വ്യാഴാഴ്ച പത്രിക പിന്‍വലിച്ചു. എസ്.ഡി.പി.ഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.വി. അന്‍വര്‍ നല്‍കിയ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുകയായിരുന്നു. നിലമ്പൂരില്‍ കോണ്‍ഗ്രസ് തൻ്റെ അപരനെ ഇറക്കിയെന്ന ആരോപണവുമായി കഴിഞ്ഞദിവസം അന്‍വര്‍ രംഗത്തെത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്‍വര്‍ സാദത്ത് ചുങ്കത്തറ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവാണെന്നായിരുന്നു അന്‍വറിൻ്റെ ആരോപണം. ഇദ്ദേഹം യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ സന്തത സഹചാരിയാണെന്നും അന്‍വര്‍ പറഞ്ഞു.
എന്നാൽ ഇന്ന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതിന് മുൻപ് അൻവർ സാദത്ത് സ്ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും സ്വതന്ത്രസ്ഥാനാർഥിയായ പി.വി. അന്‍വറും എൻ.ഡി.എ സ്ഥാനാർഥി മോഹന്‍ ജോര്‍ജും രംഗത്തുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്താണ് ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജും പി.വി. അന്‍വറും എൻ.ഡി.എ സ്ഥാനാർഥി മോഹന്‍ ജോര്‍ജും തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ചിഹ്നമായി ഇത് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച സാഹചര്യത്തിൽ ഇനി ഓട്ടോറിക്ഷ ചിഹ്നം ലഭിക്കില്ല. കത്രിക, കപ്പും സോസറും അടക്കമുള്ള ചിഹ്നത്തിലേതെങ്കിലുമാവും അൻവറിന് ലഭിക്കുക.
ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), എം.സ്വരാജ് (സി.പി.എം), അഡ്വ. മോഹൻ ജോർജ് (ബി.ജെ.പി), പി.വി. അൻവർ (സ്വത), സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) , പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത), സദീഷ്‍കുമാർ ജി (സ്വത), എൻ.ജയരാജൻ (സ്വത), ഹരിനാരായണൻ (സ്വത), വിജയൻ (സ്വത) എന്നിവരാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

