നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒന്നിച്ചൊന്നായൊരു വിജയം
text_fieldsആര്യാടന് ഷൗക്കത്തിന്റെ വിജയം പ്രവര്‍ത്തകരോടൊപ്പം പാട്ടുപാടി ചുവടുകൾവെച്ച് ആഘോഷിക്കുന്ന
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ, പി.കെ. ഫിറോസ് തുടങ്ങിയവര്‍
തിരുവനന്തപുരം: ഫൈനലിലേക്ക് കുതിക്കുമ്പോൾ അക്രമിച്ച് കളിക്കാനുള്ള ഇന്ധനമാണ് യു.ഡി.എഫിന് നിലമ്പൂർ ഫലമെങ്കിൽ, തിരുത്തൽ അനിവാര്യമെന്ന മുന്നറിയിപ്പാണ് ഇടതിനേറ്റ തിരിച്ചടിയിൽ തെളിയുന്നത്. ഭരിക്കുന്നവർ അംഗീകരിക്കില്ലെങ്കിലും ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമാണെന്ന് നിലമ്പൂർ അടിവരയിടുന്നു. വോട്ടുകൾ സ്വന്തം പെട്ടിയിലേക്ക് മാത്രമായി സമാഹരിക്കാൻ യു.ഡി.എഫിനാകാത്തത് വിജയത്തിലും തെളിഞ്ഞുനിൽക്കുന്ന വസ്തുതയാണ്. മൂന്നാം പിണറായി സർക്കാർ എന്ന ടാഗ് ലൈനിൽ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ‘തുടരും’ പ്രചാരണങ്ങൾക്ക് ശോഭ കുറഞ്ഞു.
വിവാദങ്ങൾ തീർക്കുന്ന കളങ്ങളിലല്ല, ജീവിതാവസ്ഥകളിലൂടെ ആർജിച്ച ബോധ്യങ്ങളിലാണ് വലിയൊരു വിഭാഗം വോട്ടർമാർ സമ്മതിദാനം വിനിയോഗിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലയ്മ, വൈദ്യുതി-വെള്ളക്കരങ്ങൾ അടിക്കടി വർധിപ്പിക്കൽ, നികുതികൾ കുത്തനെ ഉയർത്തൽ, സർക്കാറിലെ ധൂർത്ത്, ഇഷ്ടക്കാർക്ക് വാരിക്കോരി നൽകൽ, ഗുരുതര സാമ്പത്തിക പ്രതിസന്ധി, വന്യജീവി ആക്രമണം, തകർന്ന കാർഷികമേഖല അങ്ങനെ വിഷയങ്ങൾ ഏറെയുണ്ടായിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ, പോകണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഓർക്കരുതെന്നുമാകും ഭരിക്കുന്നവർ ആഗ്രഹിക്കുക. നിലമ്പൂരിൽ അത് വിജയിപ്പിച്ചെടുക്കാൻ ഇടതിനായില്ല. വിജയിച്ചെങ്കിലും ജനത്തിന്റെ എതിർവികാരം സ്വന്തം പെട്ടിയിലേക്ക് പൂർണമായി എത്തിക്കാൻ യു.ഡി.എഫിനും കഴിഞ്ഞില്ല. ആര്യാടൻ ഷൗക്കത്തിന് ലഭിച്ച 11,077 ന്റെ ഭൂരിപക്ഷവും അൻവറിന് ലഭിച്ച 19,760 വോട്ടും ചേർന്ന് വരുന്ന 30,837 വോട്ട് ഇത് വ്യക്തമാക്കുന്നു.
മാസങ്ങൾക്കകം വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകൾ നേരിടാൻ പോകുന്ന മുന്നണികൾക്ക് പാഠമാണ് നിലമ്പൂർ. ഭരണവരുദ്ധ വികാരം കത്തിച്ചുനിർത്തി ഭരണം പിടിക്കാൻ ശക്തമായ നീക്കമാകും യു.ഡി.എഫ് നടത്തുക. നേരത്തേ യു.ഡി.എഫ് നിലനിർത്തിയവ സിറ്റിങ് സീറ്റുകളാണെങ്കിൽ നിലമ്പൂർ ഒമ്പത് വർഷത്തിനുശേഷം ഇടതിൽനിന്ന് പിടിച്ചെടുത്തതാണ്. ഇവിടെനിന്ന് കരുത്തും ഊർജവും ഐക്യവും നേടിയാണ് യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്നത്. നിലമ്പൂരിൽ തോറ്റാൽ അടുത്ത ഭരണം നോക്കേണ്ടെന്ന് യു.ഡി.എഫിലെ എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു.
ഭരണവിരുദ്ധവികാരം സമ്മതിക്കാൻ ഇടതുമുന്നണിയോ സി.പി.എമ്മോ തയാറായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, അത് ഗൗരവപൂർവം വിലയിരുത്താൻ അവർ നിർബന്ധിതരാകും. കണക്കുകൾ വ്യാഖ്യാനിച്ച് തങ്ങളല്ല, എതിരാളികളാണ് തോറ്റതെന്ന് വാദിച്ചതുകൊണ്ട് മാത്രം മറികടക്കാനാകുന്നതല്ല കാര്യങ്ങൾ. തങ്ങൾക്ക് വോട്ട് ചെയ്താൽ മതേതരത്വം അല്ലെങ്കിൽ വർഗീയത എന്ന ഇടതുപക്ഷ സിദ്ധാന്തത്തിന്റെ പരാജയം കൂടിയാണ് നിലമ്പൂർ ഫലം.
സ്വന്തം വാക്കുകൾകൊണ്ട് യു.ഡി.എഫിലെ സാധ്യതകൾ കളഞ്ഞുകുളിച്ച പി.വി. അൻവറിന്, താൻ എഴുതിത്തള്ളാനാകാത്ത ശക്തിയാണെന്ന് തെളിയിക്കാനായി. അൻവർ പിടിച്ചത് ആരുടെ വോട്ടെന്നതിൽ തർക്കമുണ്ടാകാമെങ്കിലും യു.ഡി.എഫിൽ ചേക്കേറുന്നതിന് സമ്മർദം തുടരാനുള്ള മരുന്ന് കിട്ടിയ വോട്ടിലുണ്ട്. താൻ ഉയർത്തിയ പിണറായിസമാണ് പരാജയപ്പെട്ടതെന്ന് വാദിക്കാം. എന്നാൽ, ഷൗക്കത്ത് എം.എൽ.എ ആകരുതെന്ന ലക്ഷ്യം നേടാനായില്ല. എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരനായി എന്നത് അൻവറിന്റെ രാഷ്ട്രീയവിജയമാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ മിത്രമോ ഇല്ലാത്തതിനാൽ അൻവർ ഭാവിയിൽ യു.ഡി.എഫ് പരിസരത്ത് എത്തില്ലെന്ന് പറയാനാകില്ല.
വലിയ റിസ്ക് എടുത്താൽ വലിയ ക്രെഡിറ്റ് എടുക്കാമെന്ന പ്രമാണം അന്വർഥമാക്കുകയാണ് വി.ഡി. സതീശൻ. പരാജയപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം തനിക്കെന്ന് പറഞ്ഞുവെച്ച സതീശന് അൻവറിനെ മാറ്റിനിർത്തിയിട്ടും പറഞ്ഞ ഭൂരിപക്ഷത്തിൽ നിലമ്പൂർ കൈപ്പിടിയിലൊതുക്കാനായി. തോറ്റാൽ സതീശന്റെ രക്തത്തിനായി മുന്നണിയിൽ മുറവിളി ഉയരുമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ആര് നയിക്കുമെന്നതിൽ തന്നെ മാറ്റിനിർത്താനാവില്ലെന്ന സന്ദേശം കൂടി നൽകുന്നതാണ് സതീശന്റെ പ്രകടനം. സണ്ണി ജോസഫ്, അടൂർ പ്രകാശ് അടങ്ങുന്ന പുതിയ കോൺഗ്രസ് നേതൃനിരക്കും ഗംഭീര തുടക്കമാണ് നിലമ്പൂർ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

