നിലമ്പൂരിൽ യു.ഡി.എഫിന് ആര്യാടൻ ഷൗക്കത്തോ, വി.എസ്. ജോയിയോ? ഇടത് സ്വതന്ത്രന് സാധ്യത
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19നും വോട്ടെണ്ണൽ ജൂൺ 23നും നടത്താൻ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം. ഗസറ്റ് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കും. ഇതോടെ, സ്ഥാനാർത്ഥിയെ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫും എൽ.ഡി.എഫും. ആറ് മാസത്തേക്കുള്ള മത്സരത്തിന് നിൽക്കണ്ടെന്ന നിലപാടിലാണ് എൻ.ഡി.എ. അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്ന് ബി.ജെ.പിയുടെ വിമർശനം. ഇതിനിടെ, യു.ഡി.എഫിന് ആര്യാടൻ ഷൗക്കത്തോ, വി.എസ്. ജോയിയോ സ്ഥാനാർഥിയാകും.
ആര്യാടൻ ഷൗക്കത്ത് പാരമ്പര്യവും പാർട്ടിയിലെ സീനിയോറിറ്റിയും ചൂണ്ടികാണിച്ച് കോൺഗ്രസ് നേതൃത്വത്തിനോട് സ്ഥാനാർത്ഥി താൽപര്യം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാൽ, മുസ്‍ലീം ലീഗിനും പി.വി. അൻവറിനും വി.എസ്. ജോയിയോടാണ് താൽപര്യം. എന്നാൽ, കോൺഗ്രസ് ഒരു തീരുമാനമെടുത്താൻ മറ്റുചർച്ചകൾക്കിടയില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാനാണ് ലീഗ് തീരുമാനം.
ഇടത് മുന്നണി സ്വതന്ത്രനെ നിർത്തി മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ്. പാർട്ടിക്കും മണ്ഡലത്തിനും പരിചിതനായ ഒരാളെ കണ്ടെത്താനാണ് സി.പി.എം നീക്കം. ഒരാഴ്ചക്കുള്ളിൽ ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന് കൂടി കണ്ടതിന് ശേഷം പ്രഖ്യാപിക്കാമെന്നാണ് സി.പി.എം ധാരണ. യു.ഡി.എഫ് സ്ഥാനാർഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
നിലമ്പൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ടും നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ മൂന്നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചുമാണെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ യു. ഖേൽക്കർ പറഞ്ഞു.
പി.വി. അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് നിലമ്പൂര്‍ വേദിയാകുക. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും തീയതികള്‍ പ്രഖ്യാപിച്ചത്. കുറച്ചു ദിവസങ്ങള്‍ മാത്രമുള്ളതിനാൽ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തേണ്ടിവരും.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയുടെ വിശ്വസ്തത മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമീഷൻ അറിയിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇ.വി.എമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാനും കമീഷൻ തീരുമാനിച്ചു. ആവശ്യത്തിന് ഇ.വി.എമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

