എം. സ്വരാജിനായി വോട്ടഭ്യർഥിച്ച സർവകലാശാല അധ്യാപികക്കെതിരെ നടപടി വൈകുന്നു; വി.സിയോട് റിപ്പോർട്ട് തേടി ഗവർണർ
text_fieldsതേഞ്ഞിപ്പലം: നിലമ്പൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി വോട്ടഭ്യർഥിച്ച് പ്രചാരണത്തിൽ പങ്കെടുത്തതായി ആരോപണമുയർന്ന സർവകലാശാല അധ്യാപിക ഡോ. ശ്രീകല മുല്ലശ്ശേരിക്കെതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ഗവർണർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. ഹൈകോടതി അഭിഭാഷകൻ സമർപ്പിച്ച പരാതിയിലാണ് ഗവർണറുടെ ഇടപെടൽ.
ഡോ. ശ്രീകല മുല്ലശ്ശേരി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്തത് സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലർ ഡോ. ശ്രീകലക്ക് കാരണം കാണിക്കൽ നോട്ടീസും ചാർജ് മെമ്മോയും നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം. വിഷയത്തിൽ വൈസ് ചാൻസലർ ഗവർണർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. എം. സ്വരാജിന് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുവെന്നും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സി.യുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് എതിരായ നടപടി. ഡോ. ശ്രീകല മുല്ലശ്ശേരി റേഡിയോ സി.യുവിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് വിഡിയോ റെക്കോഡ് ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

