‘അയാൾ താൻപോരിമയും ധിക്കാരവും തുടർന്നാൽ അയാളെക്കൂടി പരാജയപ്പെടുത്തി നിലമ്പൂർ സീറ്റ് പിടിച്ചെടുക്കും’ -അൻവറിനെതിരെ വി.ടി. ബൽറാം
text_fieldsപാലക്കാട്: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയ പി.വി അന്‍വറിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അൻവർ താൻപോരിമയും ധിക്കാരവും തുടരുകയാണെങ്കിൽ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുമെന്ന് അൻവറിന്റെ പേര് പറയാതെ ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘അയാൾ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അയാളെ കൂടെ നിർത്തിക്കൊണ്ട്, അയാൾ താൻപോരിമയും ധിക്കാരവും തുടരുകയാണെങ്കിൽ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും’ എന്നാണ് ബൽറാമിന്റെ കുറിപ്പ്. ആര്യാടൻ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയതിനെതിരെ അൻവർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഷൗക്കത്തിനെതിരെ വ്യക്തിപരമായ വിമർശനവും ഉന്നയിച്ചിരുന്നു. എന്നാൽ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയി, കെ. സുധാകരൻ, വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങി കോൺഗ്രസ് നേതാക്കളാരും അൻവറിനെതിരെ പ്രതികരിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഇവരെല്ലാം തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥിയെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചതെന്നും വൻ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി പറഞ്ഞു. പി.വി. അൻവർ രാജിവെക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടേണ്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് പി.വി. അൻവർ. അദ്ദേഹവുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് സംസാരിച്ച് പരിഹരിക്കുകയും അദ്ദേഹത്തെ കൂടി ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമാക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നുണ്ട് -വി.എസ്. ജോയി പറഞ്ഞു.
‘സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പാകുമ്പോൾ ഒരുപാട് പേരുകൾ ഉയർന്നുവരും. അത് ചർച്ച ചെയ്ത് ഒരാളെ സ്ഥാനാർഥിയാക്കും. അതിൽ അസ്വാഭാവികത ഒന്നുമില്ല. മലബാറിലെ കോൺഗ്രസിന്റെ മുഖമായിരുന്ന ആര്യാടൻ സാറിന്റെ പുത്രനാണ് ഷൗക്കത്ത്. പഞ്ചായത്ത്, മുനിസിപ്പൽ അധ്യക്ഷനായിരിക്കെ മികച്ച പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള സെമിഫൈനലാണ്. പി.വി. അൻവർ ഈ പടയോട്ടത്തിന് മുന്നിൽ നിൽക്കേണ്ടയാളാണ്. അദ്ദേഹം ഒപ്പം നിൽക്കും. അൻവർ പറഞ്ഞതെല്ലാം എല്ലാവരും കേട്ടതാണ്. ആദ്യം അദ്ദേഹം എന്റെ പേര് നിർദേശിച്ചെങ്കിലും പിന്നീട് ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് -ജോയി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവറിനും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന അങ്കമാണിത്. അതുകൂടി മുന്നിൽ കണ്ടാണ് യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ സ്വരം കടുപ്പിച്ച് അൻവർ പരസ്യമായി രംഗത്തെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിനെ തള്ളിയും വി.എസ്. ജോയിയെ പിന്തുണച്ചുമാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. ഇതുവഴി നിലമ്പൂരിൽ അൻവർ ‘ഇഫക്ട്’ നഷ്ടമാകുമോ എന്ന ആശങ്ക യു.ഡി.എഫിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

