പി.വി. അൻവർ ഈ പടയോട്ടത്തിന് മുന്നിൽ നിൽക്കേണ്ടയാൾ, അദ്ദേഹം രാജിവെച്ച രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത് -വി.എസ്. ജോയി
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥിയെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചതെന്നും വൻ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി. പി.വി. അൻവർ രാജിവെക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടേണ്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് പി.വി. അൻവർ. അദ്ദേഹവുമായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് സംസാരിച്ച് പരിഹരിക്കുകയും അദ്ദേഹത്തെ കൂടി ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമാക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നുണ്ട് -വി.എസ്. ജോയി പറഞ്ഞു.
‘സ്വാഭാവികമായും ഉപതെരഞ്ഞെടുപ്പാകുമ്പോൾ ഒരുപാട് പേരുകൾ ഉയർന്നുവരും. അത് ചർച്ച ചെയ്ത് ഒരാളെ സ്ഥാനാർഥിയാക്കും. അതിൽ അസ്വാഭാവികത ഒന്നുമില്ല. മലബാറിലെ കോൺഗ്രസിന്റെ മുഖമായിരുന്ന ആര്യാടൻ സാറിന്റെ പുത്രനാണ് ഷൗക്കത്ത്. പഞ്ചായത്ത്, മുനിസിപ്പൽ അധ്യക്ഷനായിരിക്കെ മികച്ച പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരെയുള്ള സെമിഫൈനലാണ്. പി.വി. അൻവർ ഈ പടയോട്ടത്തിന് മുന്നിൽ നിൽക്കേണ്ടയാളാണ്. അദ്ദേഹം ഒപ്പം നിൽക്കും. അൻവർ പറഞ്ഞതെല്ലാം എല്ലാവരും കേട്ടതാണ്. ആദ്യം അദ്ദേഹം എന്റെ പേര് നിർദേശിച്ചെങ്കിലും പിന്നീട് ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് -ജോയി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവറിനും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന അങ്കമാണിത്. അതുകൂടി മുന്നിൽ കണ്ടാണ് യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ സ്വരം കടുപ്പിച്ച് അൻവർ പരസ്യമായി രംഗത്തെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിനെ തള്ളിയും വി.എസ്. ജോയിയെ പിന്തുണച്ചുമാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. ഇതുവഴി നിലമ്പൂരിൽ അൻവർ ‘ഇഫക്ട്’ നഷ്ടമാകുമോ എന്ന ആശങ്ക യു.ഡി.എഫിലുണ്ട്.
സമുന്നത നേതാവിനെ ഉയർത്തിക്കാട്ടാനില്ല എന്നതാണ് എൽ.ഡി.എഫിന്റെ ‘പ്രതിസന്ധി’യെങ്കിൽ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും ഒരുപോലെ സ്ഥാനാർഥിയാവാൻ രംഗത്തുള്ളതായിരുന്നു യു.ഡി.എഫിന്റെ വെല്ലുവിളി. യു.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തിൽ ഉറപ്പുലഭിക്കാത്തതിനാൽ ഉടക്കിട്ട് അൻവർ സൃഷ്ടിച്ച സമ്മർദം വേറെയും. ഇവയെല്ലാം തരണം ചെയ്താണ് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അൻവറിന്റെ വരുംനാളുകളിലെ നീക്കം യു.ഡി.എഫിന് നിർണായകമാകും.
കീറാമുട്ടിയായ പ്രശ്നം ദ്രുതഗതിയിൽ തീർപ്പാക്കി സ്ഥാനാർഥിയെ ആദ്യം പടക്കളത്തിലിറക്കാനായത് നേട്ടമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. ആര്യാടൻ ഷൗക്കത്താണെങ്കിൽ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസിന്റെ നേതൃതലത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ധാരണയായി. അൻവറിനുമുന്നിൽ പാർട്ടി കീഴടങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫ് ചർച്ചയാക്കുമെന്ന് നേതാക്കൾ വിലയിരുത്തി. ഇതോടെ, നേതൃത്വം വി.എസ്. ജോയിയുമായി സംസാരിച്ച് ഷൗക്കത്തിന്റെ കാര്യത്തിൽ ധാരണയിലെത്തി. അൻവറിന് യു.ഡി.എഫ് പ്രവേശനത്തിൽ ഉറപ്പുനൽകിയെങ്കിലും മുഴുവൻ ഘടകകക്ഷികളുമായി ആലോചിച്ചേ തീരുമാനമുണ്ടാകൂവെന്ന് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

