വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളുടെ നെട്ടോട്ടം; നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം, വ്യാഴാഴ്ച വോട്ടെടുപ്പ്
text_fieldsനിലമ്പൂർ: താരപ്രചാരകരിലൂടെ വന്ന ആവേശം പെരുമഴയത്തും ചോരാതെ വോട്ടുപിടിത്തം സജീവമാക്കി നേതാക്കളും പ്രവർത്തകരും. കൊട്ടിക്കലാശത്തിന് മുമ്പുള്ള ദിവസവും എം.എൽ.എമാരും എം.പിമാരും അടങ്ങുന്ന സ്ക്വാഡ് വീടുകൾ കയറിയിറങ്ങുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറിന് ശബ്ദപ്രചാരണം സമാപിക്കും. കൊട്ടിക്കലാശത്തിൽ സംഘർഷം ഒഴിവാക്കാൻ വിവിധ സ്ഥാനാർഥികൾക്ക് പൊലീസ് വെവ്വേറെ സ്ഥലം നിശ്ചയിച്ചു നൽകി. ബുധനാഴ്ചയിലെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
പ്രചാരണത്തിന്റെ ആദ്യനാളുകളിൽ വലിയ സാന്നിധ്യമാകാതിരുന്ന പി.വി. അൻവർ അവസാന ലാപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്ററും തൃണമൂൽ എം.പിയുമായ യൂസഫ് പത്താനെ ഇറക്കി റോഡ് ഷോ നടത്തിയതിലൂടെ മണ്ഡലത്തിൽ വീണ്ടും ചർച്ചാവിഷയമായി.
തിങ്കളാഴ്ച രാവിലെ വഴിക്കടവിൽ നിന്ന് ആരംഭിച്ച എൽ.ഡി.എഫ് വാഹന പ്രചാരണ ജാഥ മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കരുത്തുകാട്ടി. എം. സ്വരാജിനു വേണ്ടി സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രചാരണത്തിനെത്തി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ യു.ഡി.എഫിന്റെ പ്രചാരണ കാമ്പയിൻ മൂത്തേടത്ത് നടന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പ്രകടനപത്രിക വോട്ടർമാരിലെത്തിച്ച് വോട്ടുറപ്പിക്കാനാണ് എൻ.ഡി.എ ശ്രമം.
എടക്കര കേന്ദ്രീകരിച്ച് വാഹനപ്രചാരണ ജാഥയിലായിരുന്നു എസ്.ഡി.പി.ഐ പ്രവർത്തകർ. പി.വി. അൻവർ നിലമ്പൂർ നഗരസഭ പ്രദേശത്ത് വോട്ടുറപ്പിക്കാനുള്ള പര്യടനത്തിലായിരുന്നു. ഓരോ വോട്ടും നിർണായകമായതിനാൽ പ്രതികൂല കാലാവസ്ഥയിലും പോളിങ് കുറയാതിരിക്കാനുള്ള പദ്ധതികൾ മുന്നണികൾ ആവിഷ്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

