പി.ഡി.പി പീഡിപ്പിക്കപ്പെട്ട വിഭാഗം, വർഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല -എം.വി. ഗോവിന്ദൻ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പി.ഡി.പിയെ പുകഴ്ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവർ പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും സാർവദേശീയ തലത്തിൽ വർഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല അവരെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയശക്തികളുമായി കൂട്ടുചേരുകയാണ്. ജമാത്തെ ഇസ് ലാമിയടക്കമുള്ള തീവ്രവാദ ശക്തികളുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. അതിനാലാണ് അതിനെ മഴവിൽ സഖ്യമെന്ന് വിളിക്കുന്നത്. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും അതാണ് കാണുന്നത്. ഇത് ദൂരവ്യാപക ഫലമുണ്ടാക്കും. ഇക്കാര്യത്തിൽ മന:പ്രയാസമില്ലെന്നാണ് യു.ഡി.എഫിന്റെ പ്രവൃത്തികളിൽ നിന്ന് മനസിലാകുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
നേരത്തെ സി.പി.എമ്മിനെ ജമാഅത്തെ ഇസ്‍ലാമി സഹായിച്ചിരുന്നല്ലോയെന്ന ചോദ്യത്തിന് ജമാഅത്തെ ഇസ്‍ലാമിയുമായി മുമ്പും പാർട്ടിക്ക് ബന്ധമുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തി. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും സംസ്ഥാന അധ്യക്ഷൻ സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണം. ഇടത് മുന്നണി തന്നെയാണ് നിലമ്പൂരിൽ ജയിച്ച് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ സംഘടന ആരാണെന്നറിയില്ലെന്നും തങ്ങൾ ആരുമായും ആശയവിനിയമം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആരാണെന്നറിയാതെ അവരുടെ പിന്തുണ വേണമോ വേണ്ടയോ എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമായി പാർട്ടി ഓഫിസിൽ കൂടിക്കാഴ്ച നടത്തിയതായി അഖിലഭാരത ഹിന്ദു മഹാസഭ നേതാക്കൾ അറിയിച്ചു. വിജയരാഘവനൊപ്പമുള്ള ചിത്രവും സംഘടന പുറത്തുവിട്ടിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.