‘താൽക്കാലിക ലാഭത്തിന് നിരന്തരം വർഗീയത തുപ്പുന്ന സി.പി.എം നേതാക്കൾക്കുള്ള വിശേഷണം ജി. സുധാകരൻ പറഞ്ഞുവച്ചിട്ടുണ്ട്’ -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയ വിത്തുകൾ വിതച്ചിട്ട് പോകുന്ന മാർക്സിസ്റ്റ് ഫ്യൂഡൽ പ്രഭുക്കൾ ഭാവിയിൽ വിളവെടുപ്പിന് കൂടി ഒരുങ്ങി നിന്നോളൂവെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘നിങ്ങളേക്കാൾ നന്നായി ഭിന്നിപ്പിക്കാനറിയുന്ന മറ്റൊരു കൂട്ടർക്കാണ് നിങ്ങൾ ചുവപ്പ് പരവതാനി വിരിക്കുന്നത്... സംഘപരിവാറിന്. നിലമറഞ്ഞ് വിതക്കാനുള്ള വിവരമെങ്കിലും കാണിച്ചുകൂടെ സഖാക്കളെ. 'മാസ്റ്റർമാർ' ഒരുപാടുള്ള പാർട്ടിയല്ലേ. തെരഞ്ഞെടുപ്പ് സമയത്തെങ്കിലും മതേതര പാഠങ്ങൾ പഠിച്ചുകൂടെ?’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഗാന്ധി ഘാതകരായ ഹിന്ദു മഹാസഭയുടെ പിന്തുണ വാങ്ങാം. നായനാരും വി.എസും പിടിച്ചുകൊടുത്ത മഅ്ദനിയുടെ പി.ഡി.പിയുടെ പിന്തുണയും വാങ്ങാം. എന്തിനേറെ മുസ്‍ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് വർഗീയ തീവ്രതയോടെ ഉണ്ടാക്കിയ ഐ.എൻ.എല്ലിന്റെ സഖ്യം ചേരാം. ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസ് സഹായം വാങ്ങാം. എസ്.ഡി.പി.ഐയുമായി രഹസ്യധാരണകൾ ആകാം. ബി.ജെ.പിക്ക് വിടുപണി ചെയ്യാം. മൂന്ന് പതിറ്റാണ്ടോളം പിന്തുണ വാങ്ങിയ ജമാഅത്തെ ഇസ്‍ലാമി മാത്രം വർഗീയശക്തി! സി.പി.എമ്മിനെ പിന്തുണക്കാത്തവരെല്ലാം വർഗീയ ശക്തികൾ ആണത്രേ. നരേന്ദ്ര മോദി ഫാഷിസ്റ്റല്ലെന്നും സംഘപരിവാർ സർക്കാരിന്റേത് ഫാഷിസമല്ലെന്നും പറയുന്ന മാർക്സിസ്റ്റ് നാവുകൾ തന്നെയാണ് ഇത്രയും ഉളുപ്പില്ലാതെ മലർന്ന് കിടന്ന് തുപ്പുന്നത്.
പി.ഡി.പി പീഡിത വിഭാഗമാണെങ്കിൽ അവരെ പലവട്ടം പീഡിപ്പിച്ചത് നായനാരുടേയും വി.എസിന്റേയും സർക്കാരുകൾ ആണ്. മഅ്ദനിയുടെ മുൻനിലപാടുകൾ വർഗീയമായിരുന്നു എന്നതിൽ ആർക്കാണ് സംശയം. സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് മാത്രം പീഡിത വിഭാഗമായ പി.ഡി.പിയെ കുറിച്ച് പി. ജയരാജന്റെ പുസ്തകത്തിലെ നിലപാടുകൾ പാർട്ടി ഇതുവരെ തിരുത്തിയിട്ടില്ലല്ലോ.
തെരഞ്ഞെടുപ്പിലെ കേവല ജയത്തിനായി മാത്രം തരാതരം പോലെ നിലപാടുകൾ മാറ്റുന്ന, താല്ക്കാലിക ലാഭത്തിനായി നിരന്തരം വർഗീയത തുപ്പുന്ന സി.പി.എം നേതാക്കളെ വിളിക്കാൻ പറ്റുന്ന ഉചിതവിശേഷണം ജി. സുധാകരൻ പറഞ്ഞുവച്ചിട്ടുണ്ട്. വി.എസും സ്വരാജും പലവട്ടം പറഞ്ഞുകേട്ടതിന്റെ ഇംഗ്ലീഷ് പരിഭാഷ... പൊളിറ്റിക്കൽ ഫാദർലെസ്സസ്!
തെരഞ്ഞെടുപ്പുകൾ വന്നുകൊണ്ടേയിരിക്കും. പക്ഷേ, വർഗീയ വിത്തുകൾ വിതച്ചിട്ട് പോകുന്ന മാർക്സിസ്റ്റ് ഫ്യൂഡൽ പ്രഭുക്കൾ ഭാവിയിൽ വിളവെടുപ്പിന് കൂടി ഒരുങ്ങി നിന്നോളൂ. നിങ്ങളേക്കാൾ നന്നായി ഭിന്നിപ്പിക്കാനറിയുന്ന മറ്റൊരു കൂട്ടർക്കാണ് നിങ്ങൾ ചുവപ്പ് പരവതാനി വിരിക്കുന്നത്... സംഘപരിവാറിന്. നിലമറഞ്ഞ് വിതക്കാനുള്ള വിവരമെങ്കിലും കാണിച്ചുകൂടെ സഖാക്കളെ.
'മാസ്റ്റർമാർ' ഒരുപാടുള്ള പാർട്ടിയല്ലേ. തെരഞ്ഞെടുപ്പ് സമയത്തെങ്കിലും മതേതര പാഠങ്ങൾ പഠിച്ചുകൂടെ? വോട്ട് ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയുമൊന്നുമല്ല. മനുഷ്യരാണ്. വെറും മനുഷ്യർ. അവരെ മാതത്തിന്റെയും ജാതിയുടേയും രാഷ്ട്രീയത്തിന്റെയും കള്ളികളിൽ വേർതിരിക്കാതെ, അവർക്ക് പിണറായി സർക്കാർ നൽകിയ ഭരണകൂട നന്മകൾ എന്തൊക്കെയെന്ന് പറയാനുള്ള ആർജ്ജവമുണ്ടോ സംഘപരിവാർ ചാരന്മാരെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.