മതപരമായ വിഭജനം യു.ഡി.എഫ് ശൈലി, മലപ്പുറം വിഷയം ഉയർത്തുന്നത് സതീശന്റെ അജണ്ട -എ. വിജയരാഘവൻ
text_fieldsനിലമ്പൂർ: മതപരമായ വിഭജനം നടത്തുന്നത് യു.ഡി.എഫിന്റെ ശൈലിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ഓരോ ജനവിഭാഗത്തെയും മതപരമായി ഭിന്നിപ്പിച്ച് ലാഭമുണ്ടാക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. ആ ശ്രമത്തിന്റെ ഭാഗമായാണ് സതീശൻ ഇന്നലെ സി.പി.എമ്മിനെതിരെ പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന മുന്‍ പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘സതീശന്റെ ഉദ്ദേശ്യം അതിന്റെ വസ്തുതകൾ കാണുക എന്നതല്ല’ എന്നായിരുന്നു മറുപടി. ‘അതിൽനിന്ന് അടുത്ത സ്റ്റെപ്പിലേക്ക് ചവിട്ടാൻ കഴിയുമോ എന്ന് നോക്കുകയാണ് സതീശൻ ചെയ്യുന്നത്. അതിനായി അങ്ങനെ ഒരു സാധനം എടുത്ത് മുന്നിലേക്ക് ഇടുകയാണ്. രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങളോട് ഞങ്ങൾ പ്രതികരിച്ചുകൊണ്ടിരിക്കും. സതീശൻ കരുതുന്നതല്ല ഞങ്ങൾ പറയുക. അത് സതീശന് നാലഞ്ച് ദിവസം കഴിഞ്ഞാൽ കേൾക്കാം. ഇപ്പോൾ പറയേണ്ടത് ഇപ്പോൾ പറയും. സതീശൻ ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടയാൾ ഞാനല്ല. അതിന് വേറെ ആളെ നോക്കണം’ -വിജയരാഘവൻ പറഞ്ഞു.
പെൻഷൻ കുടിശ്ശിക ഒരുമിച്ച് നൽകുന്നതിനെ കെ.സി. വേണുഗോപാൽ വിമർശിച്ചത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും പ്രതികൂലമായി ബാധിക്കും. പാവപ്പെട്ടവനെ ബഹുമാനിക്കാൻ പഠിക്കണം. കോൺഗ്രസിന് അതറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ നിലപാടെടുക്കുകയും അതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ചെയ്തത് ആര‍്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണെന്ന് എ. വിജയരാഘവൻ ഇന്നലെ പറഞ്ഞിരുന്നു. ന‍്യൂനപക്ഷ ജനവിഭാഗമാണ് മലപ്പുറത്ത് കൂടുതൽ എന്നതിനാലാണ് ജില്ല വരുന്നതിനെ യു.ഡി.എഫ് എതിർത്തത്. എന്നാൽ, സമൂഹത്തിന്റെയും ഒരു ജനതയുടെയും താൽപര‍്യം നോക്കിയാണ് ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപവത്കരിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വായിൽ വരുന്നതെല്ലാം വിളിച്ചുപറഞ്ഞ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയമായി സംസാരിക്കുന്നതിനു പകരം വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അതൊന്നും കേരളത്തിൽ വിലപ്പോകില്ല. അസത‍്യം പ്രചരിപ്പിച്ച് നേട്ടംകൊയ്യാൻ നോക്കുകയാണ് വി.ഡി. സതീശൻ. അദ്ദേഹത്തിന് വിവരമുണ്ട്, പക്ഷേ അത് വളഞ്ഞ് പോവുന്നു. ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ആഹ്ലാദിക്കുകയാണ് വി.ഡി. സതീശൻ. കേരളത്തിൽ ഒന്നിലധികം പ്രതിപക്ഷനേതാക്കളുണ്ട്. അതിന്‍റെ സമ്മർദം മൂലമാണ് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്നത്.
കേന്ദ്രസർക്കാർ കാണിക്കുന്ന കേരളവിരുദ്ധ നിലപാടിനെക്കുറിച്ച് യു.ഡി.എഫിന് ഒന്നും പറയാനില്ല. എം. സ്വരാജിന്‍റെ സ്ഥാനാർഥിത്വത്തോടെ നിലമ്പൂരിൽ എൽ.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര‍്യം ഉടലെടുത്തതിനാൽ യു.ഡി.എഫ് ആശങ്കയിലാണ്. പി.വി. അൻവറിനെ വാഗ്ദാനങ്ങൾ നൽകി അടർത്തിയെടുത്ത് രാജിവെപ്പിച്ചു. തെരഞ്ഞെടുപ്പ് വന്നപ്പോൾ അൻവറിനെ യു.ഡി.എഫ് തെരുവിലാക്കിയെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, മലപ്പുറം ജില്ലയെ കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് പിണറായി വിജയനെന്ന് സതീശൻ ഇന്നലെ ആരോപിച്ചിരുന്നു. ‘മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തു. അതിനു പിന്നാലെ മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കി. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടായിരുന്നു. സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിക്കുന്ന അഭിമുഖമാണ് മുഖ്യമന്ത്രി നല്‍കിയത്. മുഖ്യമന്ത്രിയും സംഘ്പരിവാറും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ എത്തിയിരിക്കുന്ന എ. വിജയരാഘവനും മലപ്പുറത്തെ അപമാനിക്കുന്ന നിരവധി പ്രസ്താവനകളാണ് നടത്തിയത്. പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന മുന്‍ പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രിയങ്കഗാന്ധിക്ക് വേണ്ടി വോട്ട് ചെയത് തൊണ്ണൂറ്റി അയ്യായിരത്തോളം പേര്‍ തീവ്രവാദികളാണോ? ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാകൂ. മലപ്പുറത്തെ കുറിച്ചും ലീഗ് നേതാക്കളെ കുറിച്ചും സാദിഖലി തങ്ങളെ കുറിച്ചും വിജയരാഘവന്‍ നിരവധി മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ഹൈവേക്കെതിരെ സമരം ചെയ്തവരും മലപ്പുറത്ത് എത്തുമ്പോള്‍ വിജയരാഘവന് തീവ്രവാദികളാണ്. മുസ്ലീം തീവ്രവാദികളെന്നും മലപ്പുറത്തെ തീവ്രവാദികളെന്നും സി.പി.എം നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളും പറഞ്ഞത്. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നുമുള്ള നിലപാടില്‍ സി.പി.എം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം ഉള്‍പ്പെടെ എല്ലാ എല്‍.ഡി.എഫ് ഘടകകക്ഷികളുടെയും വോട്ട് പ്രിയങ്കഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നത് തീവ്രവാദികളുടെ വോട്ടാണോ? യുക്തിരഹിതമായ വര്‍ത്തമാനമാണ് സി.പി.എം പറയുന്നത്. സംഘ്പരിവാറും സി.പി.എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണ്. ഈ അവിശുദ്ധ ബാന്ധവം ഉള്ളതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ബി.ജെ.പി ആദ്യം തീരുമാനിച്ചത്. നേതൃത്വത്തിന് എതിരെ പ്രതിഷേധം ഉണ്ടായപ്പോഴാണ് ബി.ജെ.പിക്കാര്‍ക്ക് പോലും അറിയാത്ത ഏതോ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത്. സി.പി.എം- ബി.ജെ.പി ബാന്ധവത്തെ പരാജയപ്പെടുത്തി ഉജ്ജ്വല ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ വിജയിക്കും.
കോപ്പി അടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ ജയിക്കുന്നതെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇപ്പോഴും ആരാണ് മലപ്പുറത്തെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. മലപ്പുറത്തെ കുറിച്ച് ഇത്രയും മോശമായ ക്യാപയില്‍ വര്‍ഷങ്ങളായി സി.പി.എം തുടങ്ങിയത്. അത് എല്ലാവര്‍ക്കും അറിയാം. ഇത്രയും മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന ജനത ഒരു ജില്ലയിലും ഉണ്ടാകില്ല. ഒരു ജില്ലയെ വര്‍ഗീയമാക്കി അധിക്ഷേപിച്ച നാണംകെട്ട പ്രസ്ഥാനത്തിന്റെ ആളിനെയാണ് തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചരണം നടത്തിയ ആളാണ് വിജയരാഘവന്‍. മലപ്പുറം വിരുദ്ധ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നത്. ഡല്‍ഹിയിലെ യജമാനന്‍മാരെ സന്തോഷിപ്പിക്കാനാണ് സംഘ്പരിവാര്‍ നറേറ്റീവ് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്’ -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

