പിണറായിയുടെ മുൻപിൽ തലവെച്ച് കൊടുക്കാൻ കഴിയില്ലെന്ന് പി.വി. അൻവർ; ‘ജയിക്കുന്ന സ്ഥാനാർഥിയെ നിർത്തണം, ക്രിസ്ത്യൻ സ്ഥാനാർഥിയാണ് നല്ലത് ’
text_fieldsമലപ്പുറം: പിണറായിയുടെ മുൻപിൽ പരാജയത്തിന് തലവെച്ച് കൊടുക്കാൻ കഴിയില്ലെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. നിലമ്പൂരിൽ ജയിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണം. എല്ലാ വിഭാഗത്തിൻ്റെ പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം. ക്രിസ്ത്യൻ സ്ഥാനാർഥിയാണ് മണ്ഡലത്തിന് നല്ലത്. യു.ഡി.എഫിനെ സംബന്ധിച്ചും കേരളത്തിനെ സംബന്ധിച്ചും വളരെ നിര്‍ണായകമായൊരു തെരഞ്ഞെടുപ്പാണിത്.
വരാനിരിക്കുന്ന 140 മണ്ഡലങ്ങളിൽ കേരളത്തിലെ വോട്ടര്‍മാരുടെ മാനസികാവസ്ഥ അളക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. ആ നിലക്ക് ആലോചിച്ചിട്ടുള്ള ഒരു നല്ല തീരുമാനം യു.ഡി.എഫിൽ നിന്നും ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ മുൻപിൽ ഒരു പരാജയം അതിന് തല വച്ചുകൊടുക്കാൻ ഒരിക്കലും എന്നെ സംബന്ധിച്ച് സാധിക്കില്ല. അതിനല്ലല്ലോ രാജിവച്ചത്. ആ നിലക്കുള്ള ഒരു ആലോചന അതിൽ നടക്കണം. തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും യു.ഡി.എഫിനുണ്ടെന്നും അൻവർ പറഞ്ഞു.
ബി.ജെ.പിക്ക് നിലമ്പൂരിൽ സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് ഞാൻ രണ്ട് മാസം മുൻപെ പറഞ്ഞതാണ്. സി.പി.എമ്മും ആര്‍.എസ്.എസും ബി.ജെ.പിയും പച്ചയായിട്ട് കൈ കോര്‍ക്കുകയല്ലേ. ഇതല്ലേ എട്ട് മാസം മുന്‍പ് ഞാൻ പറഞ്ഞുവന്നത്. അതിലേക്കല്ലേ കേരളം പോയ്ക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ കാണുമ്പോഴും ഇത് മനസിലാകാത്ത ആളുകൾ ഇവിടെയുണ്ടെങ്കിൽ നിവൃത്തിയൊന്നുമില്ല.
നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങൾ അത് തിരിച്ചറിയുമെന്നും അൻവർ പറഞ്ഞു. ലീഡര്‍ഷിപ്പിന് അത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങൾ അത് തിരുത്തും. എന്തുകൊണ്ടാണ് പിണറായി ഇങ്ങനെ ന്യൂനപക്ഷങ്ങളെ സ്ഥിരമായി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിൽ നടത്തിയ പരാമര്‍ശം കേരളത്തിലെ മുഴുവൻ ജനങ്ങളും കേട്ടതാണ്. എസ്.എൻ.ഡി.പിയുടെ നേതാക്കളടക്കം അതിനെ തള്ളിപ്പറഞ്ഞപ്പോഴും അതിനെ വെള്ള പൂശിയ ആളാണ് പിണറായി. എന്താണ് അതിന്‍റെ അര്‍ഥം. അതിന്‍റെ ബാക്കിയല്ലേ നിലമ്പൂരിൽ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയുണ്ടാകില്ല എന്ന് പറയുന്നതെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

