ഉരുൾപൊട്ടൽ ഭീതി: ഇടുക്കി ജില്ലയിൽ രാത്രി യാത്രകൾക്ക് നിയന്ത്രണം
text_fieldsഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തും മലയോര മേഖലകളിൽ രാത്രികാല യാത്രകൾക്ക് ദുരന്ത നിവാരണ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.
ഇതനുസരിച്ച്, വൈകീട്ട് ഏഴു മുതൽ പുലർച്ചെ ആറു വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രക്ക് നിയന്ത്രണമുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ദുരന്തസാധ്യതകൾ ഒഴിവാക്കുന്നതിനായി യാത്രകൾ ഒഴിവാക്കുന്നത് അനിവാര്യമാണെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
നിയന്ത്രണം കർശനമായി നടപ്പാക്കാൻ ജില്ല പൊലീസ് മേധാവി, ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ (ആർ.ടി.ഒ), ഇടുക്കി ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ തദ്ദേശീയരും വിനോദസഞ്ചാരികളും അതീവ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്ത് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും.
അതിതീവ്രമഴയെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് ആറ് പേർക്ക് ജീവന്‍ നഷ്ടമായി. കാസർകോട് വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണ് സഹോദരങ്ങളായ കുട്ടികൾ മരണപ്പെട്ടു. തൃശൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവ് മരിച്ചിരുന്നു. കൊല്ലത്ത് ചിറയിൽ കുളിക്കാനാറിങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

