മരണം പതിയിരിക്കുന്ന രാത്രിനേരങ്ങൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് കൂടുതൽ വാഹനാപകടങ്ങളും മരണവും നടക്കുന്നത് വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലെന്ന് പൊലീസ് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ ആറുമാസത്തെ വിവരങ്ങൾ പുറത്തുവന്നപ്പോൾ 21,509 വാഹനാപകട കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ 2464 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ വൈകീട്ട് ആറിനും ഒമ്പതിനുമിടയിൽ മാത്രം നടന്നത് 4365 അപകടങ്ങളാണ്.
ഇൗ സമയത്ത് അപകടത്തിൽപെട്ടവരിൽ 491 പേരും മരിച്ചു. വൈകീട്ട് മൂന്നിനും ആറിനുമിടയിൽ നടന്ന 4229 അപകടങ്ങളിൽ 416 പേരാണ് മരിച്ചത്. രാത്രി ഒമ്പതിനും 12നുമിടയിൽ നടന്ന 1944 അപകടങ്ങളിൽ 356 പേരും ഉച്ചക്ക് 12നും മൂന്നിനും ഇടയിലുണ്ടായ 3384 അപകടങ്ങളിൽ 349 പേരുമാണ് കേരളത്തിൽ മരിച്ചത്.
വാഹനങ്ങൾ കുറവായതിനാൽ രാത്രി 12നും പുലർച്ച മൂന്നിനും ഇടയിലാണ് അപകടങ്ങൾ കുറവ് രേഖപ്പെടുത്തിയത്. ഈ സമയത്ത് 478 അപകടങ്ങളാണ് സംഭവിച്ചത് -100 പേർ മരിച്ചു. ഈ വർഷം ജൂൺ വരെ വിവിധ വാഹനാപകടങ്ങളിൽ പരിക്കേറ്റത് 24,095 പേർക്കാണ്. ഇതിൽ 17,230 പേർക്ക് ഗുരുതരമായും 6865 പേർക്ക് നിസ്സാരമായും പരിക്കേറ്റു. ആറിനും ഒമ്പതിനും ഇടയിൽ നടന്ന അപകടങ്ങളിൽ 3482 പേർക്ക് ഗുരുതര പരിക്കും 1285 പേർക്ക് നിസ്സാര പരിക്കുമേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമ്പതിനും 12നുമിടയിൽ നടന്ന അപകടങ്ങളിൽ 1562 പേർക്ക് ഗുരുതര പരിക്കും 583 പേർക്ക് നിസ്സാര പരിക്കും പറ്റി.
മുൻവർഷങ്ങളിലെ കണക്കുകളും സൂചിപ്പിക്കുന്നത് വൈകീട്ട് ആറുമുതൽ ഒമ്പതു വരെയാണ് കൂടുതൽ അപകടമെന്നാണ്. 2018ൽ 40,181 വാഹനാപകട കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 4303 പേർ മരിച്ചിരുന്നു. വൈകീട്ട് ആറിനും ഒമ്പതിനുമിടയിൽ മാത്രം മരിച്ചത് 901 പേരാണ്. ൈവകീട്ട് മൂന്നിനും ആറിനുമിടയിൽ അന്ന് 698 പേരാണ് മരിച്ചത്. 2017ൽ 38,470 വാഹനാപകട കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 4131 പേർ മരിക്കുകയും 42,671 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ൈവകീട്ട് ആറിനും ഒമ്പതിനുമിടയിൽ സംഭവിച്ച അപകടങ്ങളിലാണ് 886 പേരും ആ വർഷം മരിച്ചത്. റോഡുകളിലെ തിരക്കും മദ്യപിച്ച് വാഹനമോടിക്കലുമാണ് ഈ സമയങ്ങളിൽ കൂടുതലായി അപകടങ്ങൾ വിളിച്ചുവരുത്തുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
