
കേരളത്തിൽ രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ; യാത്രക്ക് സ്വയം സാക്ഷ്യപത്രം നിർബന്ധം
text_fieldsതിരുവനന്തപുരം: ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത് ഏർപ്പെടുത്തിയ നാല് ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു. ജനുവരി രണ്ടുവരെ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണം. രാത്രി ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല.
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം ശബരിമല, ശിവഗിരി തീർഥാടകർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
തിയറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയിട്ടുണ്ട്. ബാറുകൾ, ഹോട്ടലുകൾ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. രാത്രി പരിശോധന കൂടുതൽ കർക്കശമാക്കാനും ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
ജില്ലകളിലെ പ്രധാനകേന്ദ്രങ്ങളിൽ പൊലീസ് പരിശോധ ഊർജിതമാക്കി. പുതുവത്സരം ആഘോഷിക്കാൻ ജനം പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ കോവിഡ്, ഒമിക്രോൺ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തെ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്.
