'ടെക്സസിലെ ഡോക്ടർ' ഇന്ത്യ കാണാനെത്തി, എയർപോർട്ടിൽ ഡോളർ മാറ്റാൻ രൂപ വേണമെന്ന് മെസ്സേജ്'; പിന്നീട് സംഭവിച്ചത്...
text_fieldsRepresentational Image
ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ സൈബർ പൊലീസ് അതിസാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് അറസ്റ്റിലായത്.
അമേരിക്കയിലെ ടെക്സസിൽ ഡോക്ടറാണെന്നു പറഞ്ഞാണ് കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കണമെന്നും ഇതിനായി ഒരുനാൾ 'സർപ്രൈസായി' വരുമെന്നും പറഞ്ഞു. ഇതിനിടെ ഡൽഹി എയർപോർട്ടിൽ നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോൺ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരൻ സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളർ കൊണ്ടുവന്നതിനാൽ ഫൈൻ, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്നു അറിയിച്ചു. സുഹൃത്തിനു വേണ്ടി കൈയ്യിലുള്ളതും കടം വാങ്ങിയും കൂറ്റനാട് സ്വദേശി പണം അയച്ചു.
കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി, ക്ലിയറൻസ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരിൽവരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു കൂറ്റനാട് സ്വദേശിക്ക് കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബർ പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾ ന്യൂഡൽഹിയിലെ നൈബ് സെറായ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നു മനസ്സിലാക്കി.
(റെയ്മണ്ട് ഒനിയാമ)
അവിടെ ഒരു വീട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡൽഹി പൊലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എ.ഐ. പ്രതാപ്, എ.എസ്.ഐ യു. അബ്ദുൽ സലാം, സിവിൽ പൊലീസ് ഓഫിസർമാരായ എം. മനേഷ്, ജി. അനൂപ് എന്നിവരാണ് ഡൽഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

