നിദ ഫാത്തിമയുടെ മരണം: കോടതിയലക്ഷ്യ ഹരജിക്ക് അനുമതി
text_fieldsകൊച്ചി: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹരജിക്ക് ഹൈകോടതി അനുമതി. കോടതി ഉത്തരവോടെ എത്തിയിട്ടും നിദ ഫാത്തിമക്ക് വെള്ളവും ഭക്ഷണവും സംഘാടകർ നൽകിയില്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് വി.ജി അരുൺ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നൽകിയത്. ഇന്ന് തന്നെ കോടതി ഹരജി പരിഗണിക്കും. നിദയുടെ മരണത്തിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ഫെഡറേഷനെതിരെയാണ് ഹരജി നൽകുക.
നിദഫാത്തിമയുടെ മരണത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്. എ.എം.ആരിഫ് എം.പിയാണ് നോട്ടീസ് നൽകിയത്. അതേസമയം നിദ ഫാത്തിമയുടെ പോസ്റ്റ്മാർട്ടം ഇന്ന് നടക്കും. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരിൽ മരിച്ചത്. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു നിദ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി നിദ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇഞ്ചക്ഷൻ നൽകിയയുടൻ കുഴഞ്ഞുവീണെന്നും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും വൈകാതെ മരിച്ചെന്നുമാണ് വിവരം.
സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ, ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

