നിദ ഫാത്തിമ കായിക സംഘാടനത്തിലെ അനാസ്ഥയുടെ ഇര
text_fieldsനിദ ഫാത്തിമ
കോഴിക്കോട്: കായിക താരമാകാൻ മോഹിക്കുന്ന കുട്ടികളെ ദുരിതത്തിലാക്കുന്ന കായിക സംഘാടകരുടെ അനാസ്ഥയുടെ പ്രതിഫലനമാണ് നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ ജീവൻ പൊലിഞ്ഞ പത്തുവയസ്സുകാരി നിദ ഫാത്തിമ.
വിവിധ പേരുകളിൽ, അംഗീകാരമുള്ളതും ഇല്ലാത്തതുമായ കായിക അസോസിയേഷനുകൾ മുളച്ചുപൊന്തുകയും തഴച്ചുവളരുകയുമാണ്. ഇത്തരം അസോസിയേഷനുകളെ നിയന്ത്രിക്കാൻ സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കായിക മന്ത്രാലയങ്ങൾക്ക് ഇച്ഛാശക്തിയില്ലാത്തതും ദുരിതങ്ങൾ ആവർത്തിക്കാനിടയാക്കുന്നു.
രാഷ്ട്രീയ സ്വാധീനത്താൽ ചില ‘ഉഡായിപ്പ്’ അസോസിയേഷനുകളുടെ തലപ്പത്തെത്തുന്നവർ കുഞ്ഞു കായിക താരങ്ങളിൽ നിന്ന് വൻതുക പിരിച്ചെടുത്താണ് ദേശീയ മത്സരങ്ങൾക്ക് കൊണ്ടുപോകുന്നത്. സംസ്ഥാന ടീമിൽ കളിച്ചാൽ പോലും ഗ്രേസ് മാർക്ക് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് നൽകുന്ന സംഘങ്ങൾ സംസ്ഥാനത്തുടനീളമുണ്ട്. സംസ്ഥാന ചാമ്പ്യൻഷിപ് പോലും നടത്താതെയാണ് പലരും ദേശീയ മത്സരത്തിന് പോകുന്നത്. സെലക്ഷൻ ട്രയൽസ് എന്ന പേരിൽ കണ്ണിൽപൊടിയിടലാണ് നടക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലും കായിക വകുപ്പും ഈ വിഷയങ്ങളിൽ ഇടപെടാറില്ല.
ഏതൊക്കെ മത്സരങ്ങൾക്കാണ് പോകുന്നതെന്നുപോലും സ്പോർട്സ് കൗൺസിലിനറിയില്ല. കുട്ടികളുടെ പേരിൽ ഒളിമ്പിക്സ് നടത്തി പണം തട്ടുന്ന ചിലർ അടുത്തകാലം വരെ സജീവമായിരുന്നു. തട്ടിപ്പുകൾ പുറത്തുവന്നതോടെ മറ്റ് ചില അസോസിയേഷനുകളുടെ പേരിൽ കായിക സംഘാടനത്തിൽ സജീവമാണ് പലരും.
കായിക സംഘടനകളിലെ അധികാരത്തർക്കമാണ് കായിക താരങ്ങളെയും ബാധിക്കുന്നത്. രണ്ട് അസോസിയേഷനുകളുടെ കിടമത്സരമാണ് നാഗ്പുരിൽ കണ്ടത്. കേരള സൈക്കിൾ പോളോ അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള എന്നീ രണ്ട് സംഘടനകളാണ് പോരടിക്കുന്നത്.
സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളക്കാണ് ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ളത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചത് കേരള സൈക്കിൾ പോളോ അസോസിയേഷനെയും. രണ്ട് അസോസിയേഷന്റെയും ടീമുകൾ നാഗ്പുരിൽ മത്സരിക്കുന്നുണ്ട്.
നിദ ഫാത്തിമയടക്കം 24 താരങ്ങൾ കേരള സൈക്കിൾ പോളോ അസോസിയേഷൻ ടീമിലായിരുന്നു. ഇവർക്ക് ദേശീയ ഫെഡറേഷൻ സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം. 2013ൽ ദേശീയ ചാമ്പ്യൻഷിപ്പിനിടെ കേരളത്തിന്റെ വനിത താരവും മലയാളിയായ റഫറിയും തമ്മിലുള്ള തർക്കമാണ് കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കാൻ കാരണം. ആ വർഷം മുതൽ കോടതി ഉത്തരവുമായാണ് സൈക്കിൾ പോളോ അസോസിയേഷൻ മത്സരിക്കാറുള്ളത്.
ഇത്തവണയും ഈ പതിവ് തെറ്റിയില്ല. അസോസിയേഷനുകളുടെ തർക്കം തീർക്കാൻ കായിക വകുപ്പിന് താൽപര്യവുമില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാതെ ഒരു കൂട്ടരെ മാത്രം അനുകൂലിക്കുന്ന നിലപാടാണ് വകുപ്പിന്റേത്. ഒളിമ്പിക് അസോസിയേഷനിൽ അംഗമല്ലാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

