തിരുവനന്തപുരം: സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടകവീടുകള്‍ എടുത്തുകൂട്ടിയത് സ്വര്‍ണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എന്‍.ഐ.എ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങള്‍. സന്ദീപിെൻറ ബ്യൂട്ടി പാര്‍ലറും വര്‍ക്ഷോപ്പും ഉള്‍പ്പെടെ ഏഴിടങ്ങളില്‍ െവച്ച് സ്വര്‍ണം കൈമാറി. സ്വര്‍ണം കൊണ്ടുപോകാന്‍ യു.എ.ഇ കോണ്‍സുലേറ്റിെൻറ വാഹനവും മറയാക്കി.
സന്ദീപിനെയും സ്വപ്നയെയും എത്തിച്ചുള്ള തെളിവെടുപ്പിലാണ് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് വഴികളുടെ ചിത്രം വ്യക്തമായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് സ്വര്‍ണം അടങ്ങിയ ബാഗ് അയക്കുന്നതെങ്കിലും അതിന് നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ കോണ്‍സൽ ജനറലിെൻറ കത്ത് വേണം. ഇത് വ്യാജമായി തയാറാക്കുന്നത് സരിത്തിെൻറ ചുമതലയാണ്. കോണ്‍സുലേറ്റിലെ വാഹനത്തിലാണ് വിമാനത്താവളത്തിലെത്തേണ്ടത്. സ്വപ്ന സ്വാധീനം ഉപയോഗിച്ച് വാഹനം കൈക്കലാക്കും. വ്യാജ ബോര്‍ഡ് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ വാഹനത്തിലുള്ള സരിത്ത് വ്യാജ കത്ത് കാണിച്ച് ബാഗ് കൈപ്പറ്റും.
അടുത്തത് നയതന്ത്ര ബാഗില്‍നിന്ന് സ്വര്‍ണം പുറത്തെടുക്കലാണ്. അതിനായാണ് ഒന്നിലേറെ വാടകവീടുകള്‍ എടുക്കുന്നത്. ഫെബ്രുവരി മുതല്‍ ജൂലൈ വരെ രണ്ട് വീടും രണ്ട് ഫ്ലാറ്റും വാടകക്കെടുത്തു. ആൽത്തറയിലും പി.ടി.പി നഗറിലും വീടുകള്‍. അമ്പലംമുക്കിലും സെക്രട്ടേറിയറ്റിന് സമീപത്തുമുള്ള ഫ്ലാറ്റുകളും കൈമാറ്റകേന്ദ്രങ്ങളായി. കുറവന്‍കോണത്തുള്ള സന്ദീപിെൻറ ബ്യൂട്ടി പാര്‍ലറും നെടുമങ്ങാട്ടെ വര്‍ക്ഷോപ്പും അരുവിക്കരയിലെ വീടും കേന്ദ്രങ്ങളായിരുന്നു. ഇവിടങ്ങളില്‍ െവച്ച് ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിലുള്ള യഥാര്‍ഥ വസ്തുക്കള്‍ കോണ്‍സുലേറ്റിലേക്കുള്ള ബാഗിലും സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ മറ്റൊരു ബാഗിലുമാക്കും. സരിത്തും സ്വപ്നയും ചേര്‍ന്നാവും ഇത് ചെയ്യുക. യഥാർഥ ബാഗുമായി സ്വപ്ന കോണ്‍സുലേറ്റിലേക്ക് പോകുമ്പോള്‍ സ്വര്‍ണമുള്ള ബാഗുമായി സരിത്ത് സ്വന്തം കാറില്‍ സന്ദീപിെൻറ അരികിലേക്ക്. സന്ദീപിന് കൈമാറുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നു. സന്ദീപില്‍നിന്ന് റമീസ് വഴി മറ്റുള്ള ഏജൻറുമാരിലൂടെ സ്വർണം ജ്വല്ലറികളിലും മറ്റും എത്തുന്നതാണ് അടുത്ത ഘട്ടം.
സേവനകാലം നീട്ടിയത് ഡി.ജി.പി: ഉത്തരവ് പുറത്ത്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സൽ ജനറലിെൻറ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജയഘോഷിെൻറ സേവന കാലാവധി നീട്ടിനല്‍കിയത് ഡി.ജി.പി ലോക്നാഥ് ബെഹ്റയാണെന്ന ഉത്തരവ് പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ കോണ്‍സൽ ജനറലിന് സുരക്ഷാ ഉദ്യോഗസ്ഥനെ നല്കിയ നടപടി വിവാദമായിരുന്നു. ചട്ടലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ ജയഘോഷിെൻറ നിയമന ഉത്തരവ് ഉൾപ്പെടെ വിശദാംശങ്ങൾ പൊലീസ് വെബ്സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി. സ്വര്‍ണക്കടത്തില്‍ ജയഘോഷിന് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരുകയാണ്.