അൽഖാഇദ വേട്ട: എൻ.െഎ.എ വഴി ഭീതി പരത്തുന്നു –എ.പി.സി.ആർ
text_fieldsകൊച്ചി: ന്യൂനപക്ഷങ്ങളിൽ ഭീതി പരത്തി വരുതിയിൽ നിർത്താൻ എൻ.ഐ.എയെ ഉപകരണമാക്കുന്നുവെന്ന് സംശയമുണ്ടെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) കേരള ചാപ്റ്റർ ആരോപിച്ചു.
അൽഖാഇദ ഭീകരർ എന്നാരോപിച്ച് പെരുമ്പാവൂർ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് എൻ.ഐ.എ 13 പേരെ പിടികൂടിയ സംഭവത്തിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമസമാധാന പാലനത്തിനു ചുമതലപ്പെട്ട കേരളത്തിലെ പൊലീസിനുപോലും ഇവിടെ നിന്ന് മൂന്നുപേരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് കേരള ചാപ്റ്റർ ചെയർമാൻ അഡ്വ. പി. ചന്ദ്രശേഖരൻ പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം വേണം. അതേസമയം, ആദ്യം തന്നെ അറസ്റ്റ് നടത്തുന്നതിനെയാണ് ചോദ്യംചെയ്യുന്നത്. പിടിയിലായവർക്ക് നിയമ സഹായത്തിനും മനുഷ്യാവകാശ കമീഷനു മുന്നിൽ വിഷയം എത്തിക്കുന്നതിനും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപിച്ച കുറ്റങ്ങൾ ഒന്നും അറസ്റ്റ് ചെയ്തവരുടെ ചുറ്റുപാടുകളിൽ നിലനിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.അഡ്വ. പി. ചന്ദ്രശേഖരൻ, അഡ്വ. അഹമ്മദ് സഹീർ, രഹനാസ് എം. ഉസ്മാൻ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.