തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം നാട്ടിലേക്ക് മടങ്ങിയ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന നടത്തി. അതീവരഹസ്യമായാണ് ഏഴംഗ സംഘം രാവിലെ പാറ്റൂരിലെ ഫ്ലാറ്റിലെത്തിയത്. അറ്റാഷെ സഞ്ചരിച്ചിരുന്ന വാഹനവും ഫ്ലാറ്റിെൻറ വിവിധ ഭാഗങ്ങളും സന്ദർശക രജിസ്റ്ററും പരിശോധിച്ചു. മുറി പൂട്ടിയിരിക്കുന്നതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല. സുരക്ഷാ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചു. ഫ്ലാറ്റിെൻറയും വാഹനങ്ങളുടെയും ചിത്രമെടുത്തു. മുക്കാല്‍ മണിക്കൂറോളമാണ് പരിശോധന നീണ്ടത്.
സ്വപ്നയും സരിത്തും പലവട്ടം ഫ്ലാറ്റിൽ സന്ദര്‍ശനം നടത്തിയതായി വിവരം ലഭിച്ചു. അറ്റാഷെ നടത്തിയ ആഘോഷപരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞദിവസം അറ്റാഷെയുടെ ഡ്രൈവറുടെ വീട്ടിലും എൻ.ഐ.എ പരിശോധന നടത്തിയിരുന്നു. കോൺസുലേറ്റിെൻറ പേരിൽ ബാഗേജ് വന്ന ദിവസങ്ങളിൽ പ്രതികൾ ഇവിടെയെത്തിയോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു പരിശോധന.
അറ്റാഷെ ഉള്‍പ്പെടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ നാല് യു.എ.ഇ പൗരന്മാര് ഇവിടെയാണ് താമസിച്ചിരുന്നത്. മൂന്നുമാസം മുമ്പ് കോണ്‍സല്‍ ജനറലും ഇവിടെ താമസിക്കുന്ന മൂന്നുപേരും യു.എ.ഇയിലേക്ക് തിരിച്ചുപോയി. എന്നാല്‍, അഡ്മിൻ അറ്റാഷെ ഇവിടെ തങ്ങി. ഇദ്ദേഹത്തിെൻറ പേരിലാണ് സ്വര്‍ണം ഒളിപ്പിച്ച നയതന്ത്രബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണം പിടിച്ച് ദിവസങ്ങള്‍ക്കുള്ളിൽ അറ്റാഷെ ഇന്ത്യവിടുകയും ചെയ്തു. നിലവില്‍ ഒരു യു.എ.ഇ പൗരന് മാത്രമാണ് ഇപ്പോൾ തലസ്ഥാനത്തുള്ളത്.
അതിനിടെ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡൻറ് ബിനോയ് ജേക്കബിെൻറ ഡ്രൈവറെ കസ്റ്റംസ് ചോദ്യം ചെയ്തു. എയര്‍ ഇന്ത്യ ജീവനക്കാരനെ ബിനോയിയും സ്വപ്നയും വ്യാജരേഖയുണ്ടാക്കി കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് കേസ് നിലവിലുണ്ട്. ഈ കേസിൽ ബിനോയ് ഒന്നും സ്വപ്ന രണ്ടും പ്രതികളാണ്.