ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എക്ക് വിട്ടു. ദേശസുരക്ഷയിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന സംഘടിത കള്ളക്കടത്തായി ഇതിനെ കാണുന്ന സാഹചര്യത്തിലാണ് അന്വേഷണം എൻ.ഐ.എയെ ഏൽപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കേസിെൻറ അന്വേഷണം ഏറ്റെടുക്കുമെന്ന് വ്യക്തമായിരുന്നു. നയതന്ത്ര മാർഗത്തിലൂടെയുള്ള കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണം സി.ബി.ഐ പോലുള്ള മറ്റ് കേന്ദ്ര ഏജൻസികളെ മാറ്റിനിർത്തി എൻ.ഐ.എക്ക് വിട്ടത് ശ്രദ്ധേയമാണ്. ക്രിമിനൽ, സാമ്പത്തിക കേസുകൾ സി.ബി.ഐക്ക് വിടുന്നതാണ് പൊതുവായ രീതി. കൃത്യമായ മാഫിയ പ്രവർത്തനം സ്വർണക്കടത്തിനു പിന്നിലുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ പശ്ചാത്തലത്തിലാണ് എൻ.ഐ.എക്ക് കേസ് കൈമാറുന്നത്. എത്തുന്ന സ്വർണം എവിടേക്കു പോകുന്നു, തീവ്രവാദ ബന്ധങ്ങൾ ഇതിനു പിന്നിലുണ്ടോ തുടങ്ങിയ സംശയങ്ങളും കേന്ദ്രതലത്തിലുണ്ട്. നയതന്ത്ര തലത്തിലും അന്വേഷണം ആവശ്യമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും സംശയമുന നീളുന്ന കേസിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാറിനും പ്രേത്യകമായ രാഷ്ട്രീയ താൽപര്യമുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. മോദിസർക്കാർ സ്വാഭാവികമായും ഈ വഴിക്കു നീങ്ങുമെന്നും, അതിനുള്ള അധികാരം കേന്ദ്ര ഏജൻസികൾക്ക് ഉണ്ടെന്നുമുള്ള ബോധ്യത്തിെൻറയും നിർബന്ധിതാവസ്ഥയുടെയും അടിസ്ഥാനത്തിൽകൂടിയാണ് മുഖ്യമന്ത്രി മുൻകൂറായി കേന്ദ്രത്തിന് കത്തയച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സി.പി.എമ്മും കോൺഗ്രസും കൈയാളുന്ന കേരള രാഷ്ട്രീയത്തിൽ തങ്ങളുടെ ചൂണ്ടുവിരലിനുള്ള സ്ഥാനം ബോധ്യപ്പെടുത്താൻ പാകത്തിലുള്ള ഒന്നാണ് സ്വർണക്കടത്ത് കേസെന്ന് തിരിച്ചറിഞ്ഞായിരുന്നു ബി.ജെ.പിയുടെ കരുനീക്കങ്ങൾ. ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ സ്വർണക്കടത്ത് കേസിെൻറ ഓരോ വിശദാംശവും ആഭ്യന്തര, ധന മന്ത്രാലയങ്ങൾ സൂക്ഷ്മമായി അന്വേഷിച്ചിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇയിൽനിന്ന് കൂടുതൽ വിവരം കിട്ടാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.