എൻ.ഐ.എക്ക് തിരിച്ചടി; അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
text_fieldsകൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.എ തിരിച്ചടി. കേസിലെ പ്രതി അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം കൊച്ചി എൻ.ഐ.എ കോടതി തള്ളി.
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന അവശ്യവുമായി എൻ.ഐ.എ സംഘം കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളായ അലൻ ഷുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാൻ സാധിക്കില്ലെന്നും എൻ.ഐ.എ സമർപ്പിച്ച തെളിവുകൾ അപ്രാപ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തീവ്രവാദ ബന്ധമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുന്നു, പാലയാട് ലീഗൽ സ്റ്റഡി സെന്‍റർ കാമ്പസിലെ എസ്.എഫ്.ഐയുമായുള്ള സംഘർഷം, ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അലനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻ.ഐ.എ കോടതിയിൽ ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റുകൾ അലൻ ഷെയർ ചെയ്യുന്നത് അനുചിതമാണ്. അലൻ നേരിട്ട് പോസ്റ്റുകൾ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല. പല എഫ്.ബി പോസ്റ്റുകളും റീ ഷെയർ ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി.