
ദേശീയപാത വികസനം: ചേപ്പാട് സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സംരക്ഷിക്കണം -കാതോലിക്കാ ബാവ
text_fieldsകോട്ടയം: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സംരക്ഷിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ദേശീയപാത വികസനത്തിെൻറ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുളള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്.
നാടിെൻറ പൊതുവികസന ആവശ്യങ്ങള്‍ക്കായി സഭാവക സ്ഥലങ്ങള്‍ വിട്ടുനൽകാൻ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാർദത്തിെൻറ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസിെൻറ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ ഈ പള്ളി കേരള ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.
മുന്‍ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്‍മെൻറ് മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തില്‍ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്‍മെൻറ് പ്ലാന്‍ അശാസ്ത്രിയമായും അകാരണമായും പെട്ടന്ന് മാറിയതിലെ സഭയുടെ ഉല്‍കണ്ഠ പരിശുദ്ധ ബാവാ തിരുമേനി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പരിശുദ്ധ ബാവ പറഞ്ഞു.