ഇവിടെ ഇടിഞ്ഞു, അവിടെ തകർന്നു... ചെറിയൊരു മഴയിൽ തന്നെ ദേശീയപാത അപകടത്തിൽ; പഠിച്ചിട്ട് പറയാമെന്ന് വിദഗ്‌ധ സംഘം
text_fieldsനിർമാണത്തിനിടെ ദേശീയപാത 66 ഇടിഞ്ഞുവീണ മലപ്പുറം കൂരിയാട് ഭാഗത്ത് വിദഗ്ധ സംഘാംഗം ഡോ. അനിൽ ദീക്ഷിത് പരിശോധന നടത്തുന്നു (ഫോട്ടോ: മുസ്തഫ അബൂബക്കർ)
കൂരിയാട് (മലപ്പുറം): നിർമാണത്തിനിടെ ദേശീയപാത ഇടിഞ്ഞുവീണ കൂരിയാട് ഭാഗത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തി. രാജ്യത്തെ പ്രമുഖ ജിയോടെക്‌നിക് കൺസൽട്ടന്റുകളായ ഡോ. അനിൽ ദീക്ഷിതും ഡോ. ജിമ്മി തോമസുമാണ് ബുധനാഴ്ച വൈകീട്ട് സ്ഥലം സന്ദർശിച്ചത്. വിദഗ്‌ധ സംഘം വരുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽ നാട്ടുകാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ആശങ്കകൾ പങ്കുവെക്കാൻ തടിച്ചുകൂടിയ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു രണ്ടംഗ സംഘത്തിന്റെ പരിശോധന. മൂന്നരയോടെ എത്തിയ സംഘം ആദ്യം ദേശീയപാതയുടെ മുകൾ ഭാഗത്താണ് പരിശോധന നടത്തിയത്. പ്രദേശം നടന്നു കണ്ട സംഘം മണ്ണ് കൈയിലെടുത്തും പരിശോധിച്ചു. അപകടസ്ഥലത്തെ ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. നാട്ടുകാരുടെ അഭിപ്രായങ്ങളും പരാതികളും കുറിച്ചെടുത്തു.
അപകടകാരണം പഠിക്കാൻ ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്രസംഘത്തിലെ അംഗങ്ങളാണിവർ. മുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരിശോധിച്ച് സംഘം മടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് 15 മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തി. മുകളിലെ റോഡിൽനിന്ന് 45 മിനിറ്റ് സ്ഥലം പരിശോധിച്ചാണ് സംഘം ആദ്യം മടങ്ങിയത്. അതോടെ താഴ്ന്ന ഭാഗം പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ ആഘാതം മനസ്സിലാക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് കക്കാട് വരെ പോയ സംഘം സർവിസ് റോഡിന്റെ ഭാഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പിന്നീട് തകർന്ന സർവിസ് റോഡും പരിശോധിച്ചു.
അടിത്തറയും മണ്ണുമായി ബന്ധപ്പെട്ട വിഷയമാണെന്നും കൂടുതൽ പഠനത്തിനുശേഷമേ പറയാൻ കഴിയൂവെന്നും സംഘാംഗം ജിമ്മി തോമസ് പറഞ്ഞു. നിർമാണത്തിലെ അപാകതയാണോ കാരണമെന്ന് ചോദിച്ചപ്പോൾ വിശദ പഠനത്തിനു ശേഷമേ ഇക്കാര്യം പറയാനാകൂവെന്നായിരുന്നു പ്രതികരണം. വിശദമായി പഠിച്ച് കൂടുതൽ വൈകാതെ ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. അതോറിറ്റിയാണ് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയെന്നും ഇവർ വ്യക്തമാക്കി.
കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ മണ്ണിടിച്ചിൽ തുടരുന്നു; തെരുവിലിറങ്ങി വീട്ടമ്മമാർ
തളിപ്പറമ്പ് (കണ്ണൂർ): കുപ്പത്ത് ദേശീയപാതക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. മേഖലയിലെ അശാസ്ത്രീയ ദേശീയപാത നിർമാണത്തിൽ മണ്ണിടിയുന്നതിലും മണ്ണും ചളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലും പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്. ആർ.ഡി.ഒ ടി.വി. രഞ്ജിത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങി. ദേശീയപാതയിൽനിന്ന് ചളിയും വെള്ളവും നേരെ എതിർവശമുള്ള റോഡിലെ സി.എച്ച് നഗറിലെ വീടുകളിലേക്കാണ് ഒഴുകിയെത്തുന്നത്. ചൊവ്വാഴ്ച കുപ്പം ഏഴോം റോഡിലെ സി.എച്ച് നഗറിൽ മണ്ണും ചളിയും കയറി വീടുകൾക്ക് നാശമുണ്ടായി. കിടക്കകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. മൂന്നു വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിന് സമീപം കുപ്പത്ത് മണ്ണിടിഞ്ഞ സ്ഥലത്ത് നാട്ടുകാർ ദേശീയപാത ഉപരോധിച്ചപ്പോൾ
ബുധനാഴ്ച രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളിൽ ചളികയറാനും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിയാനും തുടങ്ങിയത്. സോയിൽ നെയിലിങ് (മണ്ണിടിച്ചിൽ തടയുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ) നടത്തിയ സ്ഥലത്തുൾപ്പെടെ മൂന്നുതവണ മണ്ണിടിഞ്ഞു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ റോഡ് ഉപരോധം നടത്തിയപ്പോൾ അധികൃതർ എത്തുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, വൈകുന്നേരം നാല് മണിയായിട്ടും അധികൃതർ എത്താത്തതിനാൽ വീണ്ടും റോഡ് ഉപരോധിച്ചു. ഇതോടെയാണ് ആർ.ഡി.ഒ സ്ഥലത്തെത്തിയത്.
ദേശീയപാത വിദഗ്ധസമിതി സ്ഥലത്തെത്തി പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴയാണ്. മഴ തുടങ്ങിയപ്പോൾതന്നെ ഇതാണ് സ്ഥിതിയെങ്കിൽ കാലവർഷം ശക്തിപ്രാപിച്ചാൽ സ്ഥിതി ഭയാനകമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
കാഞ്ഞങ്ങാട് കൂളിയങ്കാലിലും സർവിസ് റോഡ് ഇടിഞ്ഞു
കാഞ്ഞങ്ങാട്: കൂളിയങ്കാലിൽ ദേശീയപാതയുടെ സർവിസ് റോഡ് ഇടിഞ്ഞുവീണു. അടിപ്പാതയോട് ചേർന്നുള്ള സർവിസ് റോഡാണ് വൻതോതിൽ ഇടിഞ്ഞത്. കിഴക്കുഭാഗത്തെ സർവിസ് റോഡ് 75 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. ടാറിങ് ഉൾപ്പെടെ തകർന്നു. കിഴക്കുഭാഗം 100 മീറ്റർ നീളത്തിൽ 15 അടിയോളം കെട്ടിപ്പൊക്കാനുള്ളതിനാൽ അത്രയും ദൂരം വീതി കുറഞ്ഞ സർവിസ് റോഡാണ് നിർമിച്ചത്.
താഴ്ഭാഗം 15 അടി ഉയരത്തിൽ മതിൽ കെട്ടാതെ സർവിസ് റോഡ് നിർമിച്ചതിലെ അപകടം നഗരസഭ വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞിയും നാട്ടുകാരും കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നാല് ദിവസം മുമ്പ് ജില്ല കലക്ടർ റോഡ് സന്ദർശിക്കുകയും ചെയ്തു. പിന്നാലെയാണ് ഇന്നലെ രാവിലെയുണ്ടായ ശക്തമായ മഴയിൽ സർവിസ് റോഡ് തകർന്നത്. മുഹമ്മദ് കുഞ്ഞിയുടെ സഹോദരൻ അബ്ദുൽ ഖാദറിന്റെ ചുറ്റുമതിലും തകർന്നു. താഴ്ഭാഗത്തെ കെട്ടിടവും വീടുകളും ഭീഷണിയിലാണ്. ബാങ്ക് കെട്ടിടവും ക്വാർട്ടേഴ്സും രണ്ട് വീടുകളും മണ്ണിടിഞ്ഞ റോഡിന്റെ താഴ്ഭാഗത്താണ്. അരയി ഭാഗത്തേക്ക് പോകാനും തകർന്ന സർവിസ് റോഡിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
അരയി ഭാഗത്തേക്കുള്ള വാഹനഗതാഗതം ഇതോടെ സ്തംഭിച്ചു. തകർന്ന സർവിസ് റോഡ് നാട്ടുകാർ അടച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തകർന്ന കല്യാൺ റോഡ് ദേശീയപാതയിൽനിന്ന് നാല് കിലോമീറ്റർ അകലെ മാത്രമാണ് ഇന്നലെ തകർന്ന കൂളിയങ്കാൽ ദേശീയപാത.
പിലാത്തറയിൽ ഭിത്തിയിൽ വിള്ളൽ; ഗതാഗതം വഴിതിരിച്ചുവിട്ടു
പയ്യന്നൂർ: പിലാത്തറയിൽ പുതിയ ദേശീയപാതയുടെ സംരക്ഷണഭിത്തിയിലുംസർവിസ് റോഡിലും ഭൂമിയിലും വിള്ളൽ. ഇതോടെ ഈ ഭാഗത്തെ ഗതാഗതം വഴിതിരിച്ചുവിട്ടു. പിലാത്തറ ടൗണിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള സമീപ റോഡിന്റെ സംരക്ഷണത്തിന് ഇന്റർലോക്കായി ഉറപ്പിച്ച കോൺക്രീറ്റ് ഭിത്തിയാണ് അടർന്നത്. പാതക്കു താഴെ ഭൂമിയിലും റോഡിലും വിള്ളലുണ്ട്. ശാന്തിനിലയം ഹോസ്റ്റലിന് മുൻവശത്തെ സർവിസ് റോഡിലെ താഴ്ഭാഗങ്ങളിലാണ് ശക്തമായ മഴയിൽ ഭൂമിക്ക് വിള്ളലുള്ളത്. കോൺക്രീറ്റ് ഭിത്തി പൊട്ടിയ നിലയിലുമാണ്. വിള്ളൽ കണ്ടതോടെ റോഡ് അടച്ച് ചുമടുതാങ്ങി വഴി കെ.എസ്.ടി.പി റോഡിലൂടെ ഗതാഗതം വഴിതിരിച്ചുവിടുകയായിരുന്നു.
ദേശീയപാത കരാർ ഏറ്റെടുത്ത കമ്പനിയുടെ തൊഴിലാളികൾ വിള്ളൽ കണ്ട ഭാഗത്തും നിലത്തും കോൺക്രീറ്റ് ചെയ്തും പ്ലാസ്റ്റർ ചെയ്തും പുറമെ കാണാതിരിക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ, മഴ കാരണം ഇതും വിജയിച്ചില്ല. പിലാത്തറ ഭാഗത്ത് ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഈ സ്ഥലത്ത് പഴയകാലത്ത് വയൽ പ്രദേശമാണ്. നിലവിലെ ഭൂമിശാസ്ത്രം പഠിക്കാതെയും ശാസ്ത്രീയ മാർഗങ്ങൾ പ്രയോജനപ്പെടുത്താതെയുമുള്ള നിർമാണമാണ് തിരിച്ചടിയായത്. അധികം ഘനമില്ലാത്ത കോൺക്രീറ്റ് വാൾ ഉറപ്പിച്ച് മണ്ണ് നിറക്കുകയായിരുന്നു. കോൺക്രീറ്റ് പാലമാണ് ഇവിടെ അനുയോജ്യമെന്ന് നേരത്തേതന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അവഗണിക്കുകയായിരുന്നു.
കരാർ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഗഡ്കരി
ന്യൂഡൽഹി: മലപ്പുറം കൂരിയാട്ട് ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കമ്പനിയെ വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തെ വിഷയം പഠിക്കാൻ അയക്കുമെന്നും മന്ത്രി അറിയിച്ചു.
നിർമാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽനിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണം.
കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരിക്കുകയാണെന്നും അപകടങ്ങളുടെ ചിത്രങ്ങൾ സഹിതം എം.പി വിശദീകരിച്ചു നൽകി. വിഷയം മന്ത്രി ഗൗരവത്തോടെയാണ് കേട്ടതെന്നും ദേശീയപാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അപ്പോൾതന്നെ വിളിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

