Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെയ്യാറ്റിൻകരയിലെ...

നെയ്യാറ്റിൻകരയിലെ പൊലീസുകാർ അറിയണം കാഞ്ഞിരപ്പള്ളിയിലെ ഈ മുൻ എസ്​.ഐയെ; കുടിയൊഴിപ്പിച്ച കുടുംബത്തിന്​ വീട്​ നൽകിയ അൻസലിനെ

text_fields
bookmark_border
SI Ansal
cancel
camera_alt

1) എസ്​​.ഐ. അൻസൽ 2) അൻസലിനെ അഭിനന്ദിച്ച്​ അന്നത്തെ കോട്ടയം ജില്ല പൊലീസ്​ മേധാവി എൻ. രാമചന്ദ്രൻ നൽകിയ പ്രശംസാപത്രം

നെയ്യാറ്റിൻകരയിൽ കുടുംബത്തെ കുടിയൊഴിപ്പിക്കാൻ എത്തിയ​​പ്പോഴും അച്​ഛന്‍റെ കുഴിമാടം വെട്ടുന്ന കൗമാരക്കാരനായ മകനെ തടയാൻ എത്തിയപ്പോഴുമുള്ള പൊലീസിന്‍റെ ഇടപെടലുകൾക്കെതിരെ വിമർശനങ്ങൾ ഉയരു​േമ്പാൾ കാഞ്ഞിരപ്പള്ളിക്കാർ മൂന്ന്​ വർഷം മുമ്പ്​ നടന്ന ഒരു കുടിയൊഴിപ്പിക്കലിന്‍റെ ഓർമ്മയിലാണ്​. വിധവയും രോഗിയുമായ വീട്ടമ്മയെയും ഏക മകളെയും കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കേണ്ടിവന്നപ്പോൾ, അതിനെ മാതൃകാപരമായ രീതിയിലാണ്​ കാഞ്ഞിരപ്പള്ളി പൊലീസ്​ കൈകാര്യം ചെയ്​തത്​.

നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കുകയും അതേസമയം, നിരാലാംബരായ ആ കുടുംബത്തിന്​ സുരക്ഷയൊരുക്കുകയും ചെയ്​താണ്​ കാഞ്ഞിരപ്പള്ളി പൊലീസ്​ മാതൃകയായത്​. അന്നത്തെ എസ്​.ഐ അൻസൽ അതിന്​ നേതൃത്വം നൽകിയപ്പോൾ തൈപ്പറമ്പിൽ ബബിത ഷാനവാസ്​ എന്ന വീട്ടമ്മയും സൈബ എന്ന മകളും വീടിന്‍റെ സുരക്ഷയിലേക്ക്​ ചേക്കേറി. ജപ്​തി നടപടിക്ക്​ സ്​റ്റേ ലഭിക്കാതെ വന്നപ്പോൾ രോഗിയായ ബബിതയെയും മകളെയും ആദ്യം വാടക വീട്ടിലേക്ക്​ മാറ്റിയ പൊലീസ്​ പിന്നീട്​ നാട്ടുകാരുടെ സഹായത്തോടെ അവർക്ക്​ സ്വന്തം വീടൊരുക്കി നൽകുകയായിരുന്നു.

2017 മാർച്ച് 20നാണ് ബബിതയെയും മകളെയും പൂതക്കുഴിയിലെ ഒറ്റമുറി വീട്ടിൽ നിന്ന്​ പൊലീസിന്​ കുടിയൊഴിപ്പിക്കേണ്ടി വന്നത്​. കുടുംബസ്വത്ത് സംബന്ധിച്ച കേസിനെ തുടർന്ന്​ ഇവരെ കുടിയൊഴിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവ്​ നടപ്പാക്കാൻ പൊലീസ്​ സഹായം തേടിയ കോടതി ജീവനക്കാർക്കൊപ്പം ബബിതയുടെ വീട്ടിലെത്തിയപ്പോളാണ്​ അവരുടെ ദൈന്യത അൻസലിന്‍റെ ശ്രദ്ധയിൽപ്പെട്ടത്​. അടച്ചുറപ്പില്ലാത്ത, വൈദ്യുതി പോലുമില്ലാത്ത ആ വീട്ടിൽ കട്ടിലിൽ നിന്ന്​ എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്​ഥയിലായിരുന്നു രോഗിയായ ബബിത. അന്ന്​ 14 വയസ്സായിരുന്നു മകൾ സൈബക്ക്​.

അന്ന്​ കുടിയൊഴിപ്പിക്കാതെ അവരുടെ അവസ്ഥ കോടതിയെ അറിയിക്കാമെന്ന വാക്ക്​ നൽകിയാണ്​ അൻസലും സംഘവും മടങ്ങിയത്​. എന്നാൽ, നിർബന്ധമായും ഉത്തരവ്​ നടപ്പാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇത്​ നടപ്പാക്കാൻ പൊലീസ്​ വീണ്ടും വീട്ടിലെത്തിയ​പ്പോൾ ഹൈകോടതിയിൽ നിന്ന്​ സ്​റ്റേ ഉത്തരവ് ലഭിക്കുമെന്നായിരുന്നു ബബിതയുടെ പ്രതീക്ഷ. എന്നാൽ, അതും അസ്​ഥാനത്തായപ്പോൾ പൊലീസിന്​ കുടിയൊഴിപ്പിക്കൽ നടപടിയിലേക്ക്​ കടക്കേണ്ടി വന്നു.

എഴുന്നേൽക്കാൻ കഴിയാത്ത ബബിതയെ കിടക്കയോടെ എടുത്ത്​ ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച്​ ചികിത്സ ഉറപ്പ്​ വരുത്തുകയാണ്​ പൊലീസ്​ ആദ്യം ചെയ്​തത്​. ഡിസ്​ചാർജ്​ ചെയ്​തപ്പോൾ ബബിതയെയും മകളെയും വാടക വീട്ടിലേക്ക്​ മാറ്റി.​

ബബിതയുടെ വാർത്ത പുറംലോകം അറിഞ്ഞതോടെ നിരവധി പേരാണ്​ സഹായവുമായി രംഗത്തെത്തിയത്​. അവർ അക്കൗണ്ടിൽ ഇട്ട പൈസ കൊണ്ട്​ അഞ്ച്​ സെന്‍റ്​ ഭൂമി വാങ്ങിച്ചു. വീണ്ടും സഹായം ഒഴ​ുകിയെത്തിയപ്പോൾ 12 ലക്ഷം രൂപക്ക്​ വീടും പൂർത്തിയായി. 2018ലെ റിപ്പബ്ലിക്​ ദിനത്തിൽ മന്ത്രി എം.എം. മണിയാണ് വീടിന്‍റെ താക്കോൽദാനം നിർവഹിച്ചത്. സൈബ ഇന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. എ.എസ്. അൻസൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neyyattinkara couple deathpolice positive story
News Summary - Neyyattinkara incident remembers a foreclosure proceeding in Kanjirappally 3 years back
Next Story