അടുത്ത വര്ഷം കേരളത്തിൽ അതിദരിദ്രരുണ്ടാവില്ല -മുഖ്യമന്ത്രി
text_fieldsപത്തനംതിട്ട: അടുത്ത വർഷം ഈ സമയമാകുമ്പോൾ അതിദരിദ്രരായ ഒരാൾപോലും കേരളത്തിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം അതിദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അത് കേരളമാണെന്ന കാര്യത്തിൽ നമുക്കേവർക്കും അഭിമാനിക്കാം.
ഈ പദ്ധതിയുടെ 60 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായ മൈക്രോപ്ലാൻ രൂപവത്കരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജില്ല സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായ മൈക്രോപ്ലാൻ രൂപവത്കരണം, അവകാശം അതിവേഗം പദ്ധതി പൂർത്തീകരണം എന്നിവയുടെ സ്ഥാനതല പ്രഖ്യാപനം ജില്ലസ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
നിലവിൽ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായ മൈക്രോ പ്ലാനുകളുടെ രൂപവത്കരണവും ഈ കുടുംബങ്ങൾക്ക് കൈവശാവകാശ രേഖ നൽകാൻ ആവിഷ്കരിച്ച ‘അവകാശം അതിവേഗം’ പരിപാടിയും പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
റേഷൻകാർഡ് വിതരണം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ആരോഗ്യഉപകരണം മന്ത്രി വീണ ജോർജ് വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപജീവന ഉപാധി വിതരണം നിർവഹിച്ചു.ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ്കുമാർ, പ്രമോദ് നാരായൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ,
നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മുൻ എം.എൽ.എ രാജു എബ്രഹാം, ജനതാദൾ എസ് ജില്ല പ്രസിഡന്റ് അലക്സ് കണ്ണമല, തിരുവല്ല സബ് കലക്ടർ സഫ്ന നസറുദ്ദീൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ജോൺസൺ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

