അടുത്തമാസം 300 മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി ഹ്രസ്വകാല കരാർ വഴി വാങ്ങും
text_fieldsതിരുവനന്തപുരം: ആഗസ്റ്റിൽ പീക്ക് സമയത്ത് 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാർ വഴി വാങ്ങാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. ആവശ്യമായ മഴ ലഭിച്ച സാഹചര്യത്തിൽ അഭ്യന്തര ഉൽപാദനം വർധിച്ചതുമൂലം പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയിൽ കുറവുണ്ട്. എന്നാൽ, ആഗസ്റ്റിലെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ഹ്രസ്വകാല കരാർ അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.
ജലവൈദ്യുതി പദ്ധതികൾ നിലവിൽ പരമാവധി ഉൽപാദനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള ആകെ ഉൽപാദനം 42.8961 ദശലക്ഷം യൂനിറ്റായിരുന്നു. 79.7214 ദശലക്ഷം യൂനിറ്റായി സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം കുറഞ്ഞതിനാൽ പുറത്തുനിന്ന് 33.7293 ദശലക്ഷം യൂനിറ്റ് മാത്രമാണ് വാങ്ങേണ്ടിവന്നത്. കാലവർഷം കഴിയുന്നതോടെ, നിലവിലെ വൈദ്യുതി ഉപയോഗം ഉയരും.
മഴ മാറുന്നതോടെ, അഭ്യന്തര ഉൽപാദനം കുറഞ്ഞ് ഡാമുകളിലെ വെള്ളം ക്രമീകരിച്ച് ഉപയോഗിക്കേണ്ടിയും വരും. ഇതോടെ, പുറത്തുനിന്ന് വിവിധ കരാറുകൾ വഴിയുള്ള വൈദ്യുതിയെ മുഖ്യമായി ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടാകുക. ഇത് കണക്കിലെടുത്താണ് വരുംമാസങ്ങളിലെ വൈദ്യുതി ആവശ്യം മുന്നിൽ കണ്ടുള്ള കരാറുകൾ കെ.എസ്.ഇ.ബി പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

