വാഹനം ഇടിച്ച് പത്ര വിതരണക്കാരൻ മരിച്ച സംഭവം: നിർത്താതെ പോയ കാറും ഡ്രൈവറെയും പൊലീസ് കണ്ടെത്തി
text_fieldsഹരിപ്പാട് : വാഹനം ഇടിച്ച് പത്ര വിതരണക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പൊലീസ് കണ്ടെത്തി. ആലപ്പുഴ ഇരവുകാട് ജാസ്മിൻ മൻസിൽ അജ്മലാണ് (26) പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന മാരുതി ഒമ്നി കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിൽ കരുവാറ്റ എൻ.എസ്.എസ്. ഹൈസ്കൂളിന് സമീപം വെള്ളിയാഴ്ച പുലർച്ച പത്ര വിതരണത്തിന് പോയ കരുവാറ്റ രമ്യ ഭവനത്തിൽ രാജുവാണ്( 66) വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കായംകുളം ഡിവൈ.എസ്.പി. അജയ് നാഥിന്റെ നിർദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ച് 200ൽ പരം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആലപ്പുഴയിലെ വർക്ക് ഷോപ്പിൽനിന്ന് വാഹനം കണ്ടെത്തുകയായിരുന്നു.
പത്രത്തിന്റെ സപ്ലൈ ഏജന്റായ പ്രതി ഓച്ചിറയിൽ പത്രം കൊടുത്തശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് പൊലീസിനോട് പറഞ്ഞു. സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സീനിയർ സി.പി.ഒ മാരായ അജയൻ, കിഷോർ,രേഖ സി.പി.ഒ മാരായ അരുൺ നിഷാദ്, സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്