കേരളത്തിൽ ചാനൽ പ്രേക്ഷകരെക്കാൾ കൂടുതൽ പത്രവായനക്കാർ
text_fieldsതിരുവനന്തപുരം: മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പഠനമായ ഇന്ത്യൻ റീഡർഷിപ് സർവേ (ഐ.ആർ.എസ്) അടുത്തിടെ പ്രസിദ്ധീകരിച്ച െഎ.ആർ.എസ് 2017 റിപ്പോർട്ട് പ്രകാരം കേരളത്തിൽ മറ്റെല്ലാ മാധ്യമങ്ങളെക്കാളും അധികം പ്രചാരമുള്ളത് മലയാള അച്ചടിമാധ്യമങ്ങൾക്ക്. കേബ്ൾ-സാറ്റലൈറ്റ് ടി.വി ചാനലുകൾ ചേർത്തുെവച്ചാലുള്ളതിലും അധികമാണ് മലയാള അച്ചടി മാധ്യമത്തിെൻറ സാന്നിധ്യം. മലയാള പ്രസിദ്ധീകരണങ്ങൾക്ക് കഴിഞ്ഞ നാലുവർഷത്തിനിടെ 38 ലക്ഷം വായനക്കാർ വർധിച്ചു.
മലയാളി, വായന ഏറെ ഇഷ്ടപ്പെടുന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മലയാളഭാഷ അറിയുന്നവരിൽ 66 ശതമാനവും സ്ഥിരം വായനക്കാരാണ്. ഈ അനുപാതം അഖിലേന്ത്യാ ശരാശരിയുടെ നാലിരട്ടിയാണ്. കേരളത്തിൽ ദിനപത്രങ്ങൾ മാത്രം ദിവസേന 59.73 ശതമാനം ആളുകളിലേക്കെത്തുന്നു. അഖിലേന്ത്യാ ശരാശരി 16.55 ശതമാനമാണ്. അതായത്, ദേശീയ ശരാശരിയുടെ നാലിരട്ടിയോളമാണ് മലയാളപത്രങ്ങളുടെ വായന നിരക്ക്. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും അധികമാണിത്. മറ്റു ചില സംസ്ഥാനങ്ങളിലെ വായന നിരക്ക്: തമിഴ്നാട് -17.72 ശതമാനം, മഹാരാഷ്ട്ര -18.92, ഉത്തർപ്രദേശ് -15.27, പശ്ചിമ ബംഗാൾ- 10.41 ശതമാനം.
മലയാള ദിനപത്രങ്ങൾക്ക് കേരളത്തിൽ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ 41 മടങ്ങ് വായനക്കാരുണ്ട്. അതായത് ഇംഗ്ലീഷ് പത്രങ്ങൾ ദിനംപ്രതി എത്തുന്നത് കേരളത്തിലെ ജനസംഖ്യയുടെ വെറും 1.44 ശതമാനത്തിൽ മാത്രം.
കേരളത്തിലെ സാമൂഹിക, സാമ്പത്തിക മുൻനിരക്കാരിൽപോലും ഇംഗ്ലീഷ് പത്രങ്ങൾക്ക് വായനക്കാർ രണ്ടു ശതമാനം മാത്രമുള്ളപ്പോൾ മലയാള പത്രങ്ങളുടെ വായനക്കാർ 69 ശതമാനമാണ്. ഇവരിലും മലയാള വായനക്കാരുടെ എണ്ണം കേബ്ൾ ആൻഡ് സാറ്റലൈറ്റ് ടി.വി പ്രേക്ഷകരെക്കാൾ മുന്നിലാണ്.
ഡിജിറ്റൽ കാലത്തും കേരളത്തിലെ യുവാക്കൾ വായനശീലത്തിൽ മുന്നിൽത്തന്നെ. 12 മുതൽ 29 വരെയുള്ള പ്രായക്കാരിൽ 61 ശതമാനം പേരും ദിനപത്രങ്ങൾ വായിക്കുന്നു. ദേശീയ ശരാശരി 16 ശതമാനം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
