യുദ്ധപ്രഖ്യാപനവുമായി വാർത്ത ചാനലുകൾ; ഉടമകൾക്കെതിരെ ആരോപണങ്ങൾ
text_fieldsകൊച്ചി: അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് വാർത്താചാനലുകൾ തമ്മിൽ പ്രത്യക്ഷ യുദ്ധത്തിലേക്ക്.
വിവാദങ്ങളെ തുടർന്ന് ഉടമകൾക്കെതിരെ വാർത്തകളും നൽകിയതോടെ ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടി.വിയുമാണ് പരസ്പരം മാനനഷ്ടക്കേസുകൾ നൽകി പോർമുഖം തുറന്നത്. ഒരേദിവസം ഇരുകൂട്ടരും പരസ്പരം കോടികളുടെ മാനനഷ്ട കേസ് നൽകിയാണ് നിയമ, വാർത്തായുദ്ധം ആരംഭിച്ചത്.
റിപ്പോർട്ടർ ഏഷ്യാനെറ്റിനെതിരെ 150 കോടിയുടെ മാനനഷ്ടകേസാണ് ഫയൽ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ, ചാനലിലെ ഉന്നതരായ സിന്ധു സൂര്യകുമാർ, വിനു വി. ജോൺ, പി.ജി. സുരേഷ് കുമാർ, അബ്ജോദ് വർഗീസ്, അനൂപ് ബാലചന്ദ്രൻ, ജോഷി കുര്യൻ, അഖില നന്ദകുമാർ, ജെവിൻ ടുട്ടു, അശ്വിൻ വല്ലത്ത്, റോബിൻ മാത്യു തുടങ്ങിയവർക്കാണ് ബംഗളൂരു സിവിൽ കോടതിയുടെ നോട്ടീസ് അയച്ചതെന്ന് റിപ്പോർട്ടർ വ്യക്തമാക്കുന്നു.
അതേസമയം, ഭൂമിയിടപാട് കേസിൽ തന്റെ പേര് ദുരുപയോഗം ചെയ്ത് നിരന്തരം വാർത്തകൾ കൊടുത്തുവെന്ന് ആരോപിച്ചാണ് രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടറിനെതിരെ തിരിഞ്ഞത്. 100 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, ചാനലിലെ പ്രമുഖരായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജെയിംസ്, ടി.വി. പ്രസാദ് എന്നിവർക്കെതിരെ അദ്ദേഹത്തിന്റെ കേസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി.പി.എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി ബി.ജെ.പി അധ്യക്ഷൻകൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗംചെയ്ത് തുടർച്ചയായി വ്യാജവാർത്തകൾ നൽകിയെന്നാണ് പരാതി.
മുംബൈ ആസ്ഥാനമായ നിയമസ്ഥാപനം മുഖേന നൽകിയ നോട്ടീസിൽ ഏഴുദിവസത്തിനുള്ളിൽ വ്യാജ വാർത്ത പിൻവലിച്ച് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അർജന്റീന ടീമിന്റെയും മെസ്സിയുടെയും വരവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറക്കാൻവേണ്ടി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമമേഖലയിൽ വന്നിട്ടുണ്ടെന്നുമായിരുന്നു ഈ വിഷയത്തിൽ നേരത്തേ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
എന്നാൽ, മെസ്സിയുടെയും സംഘത്തിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ളവർ തങ്ങൾക്കെതിരെ നിരന്തരം വ്യാജ വാർത്ത നൽകുകയാണെന്നാണ് റിപ്പോർട്ടറിന്റെ ആരോപണം.
കായികമന്ത്രി വി. അബ്ദുറഹ്മാൻ കൃത്യമായ വിശദീകരണം നൽകിയിട്ടും കലൂർ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടുൾപ്പെടെ വ്യാജവാർത്ത ചമച്ചതോടെയാണ് നിയമനടപടി ആരംഭിച്ചതെന്ന് ചാനൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

