റവഡയുടെ നിയമനം; ജയരാജന്റെ മലക്കംമറിച്ചിൽ പാർട്ടി കടുപ്പിച്ചതോടെ
text_fieldsതിരുവനന്തപുരം: ഡി.ജി.പി നിയമനത്തിലെ ഭിന്നത പരസ്യമാക്കി സർക്കാറിനെ പരോക്ഷമായി വിമർശിച്ച പി. ജയരാജൻ, രണ്ടാംദിവസം മലക്കംമറിഞ്ഞത് സി.പി.എം നേതൃത്വത്തിൽ നിന്ന് എതിർപ്പുയർന്നതോടെ. ജയരാജന്റെ വാക്കുകൾ അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുമെന്നതിനാൽ വ്യക്തത വരുത്താൻ പാർട്ടി നിർദേശിക്കുകയായിരുന്നെന്നാണ് വിവരം.
റവഡ ചന്ദ്രശേഖർ അടക്കം ഉദ്യോഗസ്ഥർക്കെതിരെ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ സി.പി.എം പ്രതിഷേധമുയർത്തിയിരുന്നെന്ന ജയരാജന്റെ വാക്കുകൾ പ്രവർത്തകർക്കിടയിൽ കത്തിപ്പടർന്നിരുന്നു.
ഇക്കാര്യത്തിൽ നേതാക്കൾക്കിടയിലുള്ള ഭിന്നത പരസ്യമായാൽ അത് കണ്ണൂരിലടക്കം പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രതിഷേധമുയരുമെന്നും നേതൃത്വം കണക്കുകൂട്ടി. രക്തസാക്ഷി കുടുംബങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ സർക്കാറിനും പാർട്ടിക്കുമെതിരെ വിമർശനമുന്നയിച്ചാലുള്ള ആഘാതവും വിലയിരുത്തി. തുടർന്നാണ് വിവാദം പെട്ടെന്ന് അവസാനിപ്പിച്ച്, കൂടുതൽ നേതാക്കൾ പരസ്യപ്രസ്താവനക്ക് മുതിരുന്നത് തടയാനും ലക്ഷ്യമിട്ട് പാർട്ടി ജയരാജനെ തിരുത്തിച്ചത്.
വെടിവെപ്പ് കേസിൽ റവഡയെ കുറ്റമുക്തനാക്കിയതടക്കം ചൂണ്ടിക്കാട്ടി ജാഗ്രതയോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷുമടക്കം നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, മൂന്നംഗ ഡി.ജി.പി ചുരുക്കപ്പട്ടികയിലെ റവഡ ചന്ദ്രശേഖറിനെ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിലും നിധിൻ അഗർവാളിനെ പാർട്ടി നേതാവിനെ ലോക്കപ്പിൽ തല്ലിച്ചതച്ചതിന്റെ പേരിലും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ‘നേരിട്ടിരുന്നു’ എന്നാണ് ജയരാജൻ തുറന്നടിച്ചത്.
സർക്കാർ എന്തുകൊണ്ട് യോഗേഷ് ഗുപ്തയെ പരിഗണിച്ചില്ലെന്ന ചോദ്യത്തിന് ഞാൻ അധികാരത്തിന്റെ ഭാഗമായ ആളല്ലെന്നും അത് സർക്കാർ വക്താക്കളോട് ചോദിക്കണമെന്നുമായിരുന്നു മറുപടി. പാർട്ടി നിർദേശത്തിനുപിന്നാലെ, ഡി.ജി.പി നിയമനത്തെ അനുകൂലിച്ച ജയരാജൻ മെറിറ്റ് അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെന്ന് പറഞ്ഞെങ്കിലും കൂത്തുപറമ്പ് വെടിവെപ്പിൽ റവഡക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിൽ നിന്ന് തന്ത്രപൂർവം ഒഴിഞ്ഞു മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

