ആവേശംകൊള്ളിച്ച വരവ്; അർധമനസ്സോടെ പടിയിറക്കം
text_fieldsതിരുവനന്തപുരം: നാല് വർഷം കോൺഗ്രസിനെ നയിച്ച കെ. സുധാകരൻ പടിയിറങ്ങുന്നത് അർധമനസ്സോടെ. നിയമസഭ തെരഞ്ഞെടുപ്പുവരെ തുടരാൻ സുധാകരൻ ആഗ്രഹിച്ചിരുന്നു. നേതൃമാറ്റത്തിന് ഹൈകമാൻഡ് പലവട്ടം ശ്രമിച്ചപ്പോഴും സുധാകരൻ ഉടക്കിട്ട് പിടിച്ചുനിന്നു. ഹൈകമാൻഡ് ഡൽഹിയിൽ വിളിപ്പിച്ച് മാറാൻ നിർദേശിച്ചശേഷവും സുധാകരൻ തുടരണമെന്ന പോസ്റ്റുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇക്കുറി പക്ഷേ, ഹൈകമാൻഡ് വഴങ്ങിയില്ല.
യുദ്ധസാഹചര്യത്തിൽ പാർട്ടിയിലെ കലഹത്തിന് വാർത്തകളിൽ ഇടംകിട്ടില്ലെന്ന് കണക്കുകൂട്ടിയാണ് വ്യാഴാഴ്ചയിലെ നേതൃമാറ്റ പ്രഖ്യാപനം. തുടർച്ചയായി രണ്ടുതവണ കോൺഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് കെ. സുധാകരൻ കോൺഗ്രസിന്റെ സാരഥ്യമേറ്റത്. കണ്ണൂരിൽ സി.പി.എമ്മിനോട് പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന മട്ടിൽ പോരടിച്ചുനിന്ന നേതാവിന്റെ വരവ് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതീക്ഷയേകി.
കോൺഗ്രസിനെ സെമി കാഡർ പാർട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി തുടങ്ങിയ സുധാകരൻ, താഴേതട്ടിൽ യൂനിറ്റ് കമ്മിറ്റി (സി.യു.സി) കൊണ്ടുവന്ന് ആ നിലക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിവെച്ചു. എന്നാൽ, കാര്യമായി മുന്നേറാൻ കഴിഞ്ഞില്ല. അതേസമയം, മുഖ്യ എതിരാളിയും സഹപാഠിയുമായ പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച് പ്രവർത്തകരിൽ ആവേശം നിറക്കാൻ സുധാകരന് കഴിഞ്ഞു. ആവേശത്തിനൊപ്പം ഓടാൻ സുധാകരന് ആരോഗ്യം തടസ്സമാകുന്നതാണ് പിന്നീട് കണ്ടത്. പാർട്ടിയിലെ എതിർപക്ഷം അത് ആയുധമാക്കിയപ്പോൾ ഒടുവിൽ മാറാൻ നിർബന്ധിതനായി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റ് വിജയം നിലനിർത്താൻ കഴിഞ്ഞത് സുധാകരന് നേട്ടമായി പറയാം. കെ.പി.സി.സി പ്രസിഡന്റായിരിക്കെ കണ്ണൂരിൽ സ്വന്തം ഭൂരിപക്ഷം വർധിപ്പിച്ച തുടർവിജയത്തിനും തിളക്കമേറെ. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളിലും സുധാകരന് പങ്ക് അവകാശപ്പെടാം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായുള്ള വടംവലികളാണ് സുധാകരന്റെ സ്ഥാനനഷ്ടത്തിലേക്ക് നയിച്ചത്. പൊതുവേദിയിലടക്കം പരസ്യമായി കലഹിച്ചത് സുധാകരന്റെ പ്രതിച്ഛായ ഇടിച്ചു. സുധാകരനുമേൽ ഹൈകമാൻഡിന്റെ അതൃപ്തിയുടെ തുടക്കം അവിടംമുതലാണ്.
പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി സുധാകരനെ ആശ്വസിപ്പിച്ചത് പ്രവർത്തകരുടെ ആവേശമായ നേതാവിനെ ഹൈകമാൻഡ് തഴയുന്നില്ലെന്നതിന്റെ പ്രഖ്യാപനവുമാണ്.
പ്രവർത്തകർക്ക് വലിയ പ്രതീക്ഷ നൽകി, അത് പൂർത്തിയാക്കാനാകാതെയാണ് സുധാകരൻ പടിയിറങ്ങുന്നത്. അതേസമയം, ഊർജസ്വലനായിരുന്ന കാലത്ത് കെ. സുധാകരനെ കോൺഗ്രസിന് വേണ്ടവിധം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തുന്നവർ കോൺഗ്രസ് നേതൃത്വത്തിലടക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

