സ്ത്രീകളുടെ തിരോധാനം, അടിമുടി ദുരൂഹത; പ്രതി സെബാസ്റ്റ്യൻ സീരിയൽ കില്ലറോ?
text_fieldsസ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യനുമായി ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെ പള്ളിപ്പുറത്തെ വീട്ടിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധിക്കുന്നു
ആലപ്പുഴ: ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ തിരോധാനക്കേസിൽ പ്രതിയായ സെബാസ്റ്റ്യൻ സീരിയൽ കില്ലറാണോയെന്ന് സംശയം. തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും തെളിവെടുപ്പിൽ കൂടുതൽ മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ സംശയമുന പ്രതിയിലേക്ക് നീണ്ടത്.
അതേസമയം, കണ്ടെത്തിയ അസ്ഥികൾ ആരുടേതെന്ന് സ്ഥിരീകരിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. രണ്ടരയേക്കർ പുരയിടത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധയിൽ വീണ്ടും മൃതദേഹ അവശിഷ്ടം കണ്ടെത്തിയതിലും ദുരൂഹതയുണ്ട്.
കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയ്ൻ മാത്യുവിന്റെ (ജയ്നമ്മ-58) തിരോധാനവുമായി ബന്ധപ്പെട്ട് കൈംബ്രാഞ്ച് നടത്തിയ ആദ്യഘട്ട പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ പുരയിടത്തിൽനിന്ന് ലഭിച്ചിരുന്നു. ഇത് ജയ്നമ്മയുടേതാണെന്ന നിഗമനത്തിലാണ് തെളിവെടുപ്പിനെത്തിച്ചത്.
ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (51), ചേർത്തല തെക്ക് വള്ളാക്കുന്നത്ത്വെളി സിന്ധു (43), ചേർത്തല വാരനാട് വെളിയിൽ ഹയറുമ്മ എന്നുവിളിക്കുന്ന ഐഷ (48) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി ചേർത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യൻ (65) സംശയനിഴലാണ്.
ചോദ്യംചെയ്തപ്പോൾ ജയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പ്രതി പറയുന്നത്. കഴിഞ്ഞമാസം 28ന് പുരയിടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഈ ഭാഗത്തോട് ചേർന്നാണ് തിങ്കളാഴ്ചയും കുഴിയെടുത്ത് ആദ്യപരിശോധന നടത്തിയത്. അതിലാണ് കത്തിയ മൃതദേഹാവശിഷ്ടം ലഭിച്ചത്. തുടർന്നാണ് അന്വേഷണസംഘം പറമ്പിലെ കുളംവറ്റിച്ച് മണ്ണുവാരി പരിശോധിച്ചത്.
ബാഗ്, സാരിയുടെ ഭാഗം, തുണിക്കഷണങ്ങൾ, കൊന്തയുടെ ഭാഗം എന്നിവ ലഭിച്ചു. വീട്ടിലെ പഴയ സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിവുള്ള കഡാവർ നായ് ‘ഏയ്ഞ്ചലി’നെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. ഇടുക്കിയിലടക്കം പല കൊലപാതങ്ങളുടെയും ചുരുളഴിച്ച ‘നായ്’ രണ്ടര ഏക്കറോളം വരുന്ന വീടിന്റെ കുളത്തിനടുത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുളംവറ്റിച്ച് പരിശോധന നടത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രതിയുമായി വീട്ടിലും പരിസരത്തും നടത്തിയ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ചു. പിന്നാലെ സംശയംതോന്നി സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തു.
തുടർന്നാണ് അസ്ഥികൾ കണ്ടെത്തിയത്. വൻപൊലീസ് സന്നാഹം എത്തിയതോടെ ജനക്കൂട്ടവുമുണ്ടായി. എന്നാൽ, ആരെയും കടത്തിവിട്ടില്ല. കാണാതായ മറ്റ് മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട് വീട്ടിലെ ഗ്രാനൈറ്റ് പാകി മുറിയും പൊളിച്ചുപരിശോധന നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

