ഭരണരംഗത്ത് പുതിയ മാറ്റങ്ങൾ; ലക്ഷ്യം നിക്ഷേപ സൗഹൃദ കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവും നിക്ഷേപസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ട് നിയമപരവും സാങ്കേതികവുമായ നാല് സുപ്രധാന പരിഷ്കാരങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം. കാലഹരണപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുക, സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കുക, സർക്കാർ ആസ്തികളുടെയും വികസന പദ്ധതികളുടെയും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുക, സർക്കാർ സേവനങ്ങൾ ലളിതമാക്കുന്ന സംസ്ഥാനതല പ്രക്രിയാ പരിഷ്കാര പരിപാടി നടപ്പാക്കുക എന്നീ ജൂലൈ 29ലെ മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങളിലാണ് ഉത്തരവിറക്കിയത്.
കാലഹരണപ്പെട്ടതും പ്രസക്തി നഷ്ടപ്പെട്ടതും പരസ്പരവിരുദ്ധവുമായ നിയമത്തിലെ വ്യവസ്ഥകൾ കണ്ടെത്തി അവലോകനം നടത്തി ആവശ്യമായ ഭേദഗതി, ഏകീകരണം, അല്ലെങ്കിൽ റദ്ദാക്കൽ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഓരോ വകുപ്പും തങ്ങളുടെ ഭരണ നിയന്ത്രണത്തിലുള്ള നിയമങ്ങൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നിർദേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ തയ്യാറാക്കി നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷം മന്ത്രിസഭയുടെയും നിയമസഭയുടെയും പരിഗണനക്ക് സമർപ്പിക്കും.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സൊസൈറ്റികൾ, മിഷനുകൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സമഗ്ര രജിസ്ട്രി വികസിപ്പിക്കാനും ഉത്തരവിറക്കി. സംസ്ഥാന സർക്കാരിന്റെ എല്ലാ ആസ്തികളുടെയും ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കുന്നതിനായി ‘സമ്പത്ത്’ പോർട്ടലും, സംസ്ഥാനത്തെ എല്ലാ സർക്കാർ വികസന പദ്ധതികളുടെയും ജി.ഐ.എസ് അധിഷ്ഠിത ഏകീകൃത രജിസ്ട്രിയായ പ്ലാൻ സ്പെയ്സ് 2.0 സംവിധാനവും വികസിപ്പിക്കാനും അംഗീകാരം നൽകി.
ഒരേ രേഖകൾ പലതവണ സമർപ്പിക്കുന്നത് ഒഴിവാക്കാൻ സംവിധാനം
ഒരേ രേഖകളും വിവരങ്ങളും വിവിധ സർക്കാർ ഓഫീസുകളിൽ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഡിജിലോക്കർ അധിഷ്ഠിത സംവിധാനവും നടപ്പിലാക്കും. ഡിജിലോക്കർ അധിഷ്ഠിത രേഖാ മാനേജ്മെന്റും ‘വൺസ് ഒൺലി പ്രിൻസിപ്പിൾ’ സംവിധാനവും ഘട്ടംഘട്ടമായി നടപ്പാക്കിയാണ് രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുക. ഓൺലൈൻ അപേക്ഷ, ഡിജിറ്റൽ ആശയവിനിമയം, പേപ്പർരഹിത സേവനം, സ്വയംസേവന സംവിധാനങ്ങൾ എന്നിവയും വ്യാപിപ്പിക്കും. കേരള ഡിജിറ്റൽ സർവകലാശാലക്കാണ് നാല് പദ്ധതികളുടെയും സാങ്കേതിക പിന്തുണയും വികസന ചുമതലയും സർക്കാർ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

