കപ്പൽ തീപിടിത്തം: ആശങ്ക അകലുന്നു, തീ ഏറക്കുറെ നിയന്ത്രണവിധേയം
text_fieldsകൊച്ചി: കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിന്റെ രക്ഷാപ്രവർത്തനം തുടരുന്നു. കപ്പൽ വടംകെട്ടി ടഗ്ഗുമായി ബന്ധിപ്പിച്ച് തീരത്തുനിന്ന് പരമാവധി ദൂരെ ഉൾക്കടലിലേക്ക് മാറ്റുന്ന പ്രക്രിയയാണ് തുടരുന്നത്. ഒപ്പം, തീയണക്കാനും ശ്രമം തുടരുന്നു. തീ ഏറക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ട്. കോസ്റ്റ്ഗാർഡും നാവിക-വ്യോമസേനകളും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. കോസ്റ്റ്ഗാർഡ് കപ്പലിൽനിന്ന് ഹൈ പ്രഷർ വാട്ടർ ജെറ്റ് നോസിൽ ഉപയോഗിച്ച് വെള്ളം ഒഴിക്കുകയും വ്യോമസേന ഹെലികോപ്ടറിൽനിന്ന് ഡ്രൈ കെമിക്കൽ പൗഡർ (ഡി.സി.പി) തളിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. രാസ-വിഷ വസ്തുക്കളടങ്ങിയ കപ്പൽ തീരത്തുനിന്ന് പരമാവധി ദൂരത്തേക്ക് മാറ്റുകയാണ് ടഗ് ഉപയോഗിച്ച് വലിച്ചുനീക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കപ്പലിലെ അപകടംപിടിച്ച കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത പരമാവധി ഇല്ലാതാക്കാനാണ് ശ്രമം.
അതിനിടെ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മൂന്നാഴ്ചമുമ്പ് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എം.എസ്.സി എൽസ-3 കപ്പലിനെതിരെ പല കോണുകളിൽനിന്നും ഉയർന്ന പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കപ്പൽ ജീവനക്കാർ മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ നാലുപേരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

