കോവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നു, 163 പേർക്ക് രോഗബാധ
text_fieldsന്യൂഡല്‍ഹി: കോവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്.എഫ്‍.ജിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എക്സ്.എഫ്.ജി എന്ന ഈ പുതിയ വകഭേദം കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് പറയുന്നത്. മനുഷ്യന്‍റെ പ്രതിരോധ ശേഷിയെ വേഗത്തിൽ തകർക്കുന്ന എക്സ്.എഫ്.ജി ആഗോളതലത്തിൽ തന്നെ വളരെ വേഗത്തിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമിക്രോൺ കുടുംബത്തിലാണ് എക്സ്.എഫ്‍.ജിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്.എഫ്.ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കാനഡയിലാണ് ആദ്യം എക്സ്.എഫ്.ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,957 സജീവ കേസുകളാണ് കേരളത്തിലുള്ളത്. ഏഴ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

