കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് സമയമാറ്റം; ഇന്നു മുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് മണ്‍സൂണിന് ശേഷമുള്ള സമയമാറ്റം ഇന്ന് നിലവില്‍വരും. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും. പുതിയ സമയക്രമം അനുസരിച്ച് ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയിൽ നിന്ന് രാവിലെ 6.16ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് 12.30ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും.
ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് രാത്രി 9.40ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന തീവണ്ടി തിങ്കളാഴ്ച ഉച്ചക്ക് 2.30-ന് ഡല്‍ഹിയിലെത്തും. വെരാവല്‍ -തിരുവനന്തപുരം-വെരാവല്‍ പ്രതിവാര എക്‌സ്പ്രസ് വെരാവലിൽ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചക്ക് 3.55-ന് തിരുവനന്തപുരത്തെത്തും.
കൊങ്കൺ റൂട്ടിലൂടെയും മംഗളൂരു റെയിൽവേ മേഖലയിലൂടെയും ഓടുന്ന മിക്കവാറും എല്ലാ ട്രെയിനുകളുടെയും സമയം മാറുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്ര സമയം പരിശോധിച്ച് ഉറപ്പാക്കണമെന്നും റെയിൽവേ അറിയിച്ചു.

