'ഇത് രാഷ്ട്രീയ പ്രതികാരമല്ല'; 'രക്ഷാപ്രവർത്തനം' പുനരന്വേഷിക്കാൻ എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: 2023 ഡിസംബറിൽ നടന്ന 'നവകേരള സദസ്സ്' യാത്രക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ തെളിവുകളുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ടീമിനെ അന്വേഷണ ചുമതല ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
നവകേരള സദസ്സ് ബസിന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കുമാർ, സന്ദീപ് എന്നിവർ ചേർന്ന് വാഹനത്തിൽ നിന്നിറങ്ങി ക്രൂരമായി മർദിക്കുകയായിരുന്നു. കരിങ്കൊടി കാണിച്ചവരെ തല്ലിച്ചതച്ച ഗൺമാൻമാരുടെ നടപടിയെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമ്പോൾ അത് തടയേണ്ടത് ഗൺമാന്റെ ചുമതലയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നേരത്തെ, തെളിവില്ലെന്ന് പറഞ്ഞ് ജില്ല ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസുകാരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഇതിൽ മർദനത്തിന്റെ ദൃശ്യങ്ങൾ ഇല്ലെന്നാണ് വാദം. എന്നാൽ, പിന്നീട് സമർപ്പിച്ച വിഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

