ചെങ്ങോട് മലയിലും വയനാട് മലനിരകളിലും പുതിയ ഇനം പല്ലികളെ കണ്ടെത്തി
text_fieldsകോഴിക്കോട്: ഖനനവിവാദമുണ്ടായ ചെങ്ങോട് മലയിൽനിന്നും വയനാട് മലനിരകളിൽനിന്നും ശാസ്ത്രസംഘം രണ്ടു പുതിയ ഇനം പല്ലികളെ കണ്ടെത്തി. നിമാസ്പിസ് ചെങ്ങോടുമലെൻസിസ്, നിമാസ്പിസ് സഖാറായ് എന്നിവയാണ് പുതിയ ഇനം പല്ലികൾ.
അഞ്ചുവർഷത്തെ ഗവേഷണ ഫലമായാണ് ഇവ കണ്ടെത്തിയത് എന്ന് ശാസ്ത്രസംഘം അറിയിച്ചു. ചെങ്ങോട് മലയിൽനിന്നായതുകൊണ്ടാണ് ഒന്നിന് നിമാസ്പിസ് ചെങ്ങോടുമലെൻസിസ് എന്ന് പേരിട്ടത്.
ഉഭയജീവി ഗവേഷകനായ ഡോ. അനിൽ സഖറിയയുടെ ആദര സൂചകമായാണ് രണ്ടാമത്തേതിന് നിമാസ്പിസ് സഖാറായ് എന്ന് പേരിട്ടത്. കാട്ടിലെ പാറകൾക്കിടയിലാണ് ഇവയെ കണ്ടത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിലെ ഗവേഷകനായ വിവേക് ഫിലിപ് സിറിയക്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. കൗശിക് ദുതി, സ്വതന്ത്ര ഗവേഷകൻ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ ശാസ്ത്രസംഘമാണ് പുതിയ ഇനം പല്ലികളെ കണ്ടെത്തിയത്. ഇതോടെ പശ്ചിമ ഘട്ടത്തിലെ പല്ലി ഇനങ്ങളുടെ എണ്ണം 22 ഉം കേരളത്തിലേത് 16ഉം ആയെന്ന് സംഘം വ്യക്തമാക്കി.
ചെങ്ങോട് മലയിൽനിന്ന് പുതിയ പല്ലിയെ കണ്ടെത്തിയത് പ്രദേശത്തിെൻറ ജൈവവൈവിധ്യം ശരിയായി പഠന വിധേയമാക്കിയിട്ടില്ല എന്ന ഖനനവിരുദ്ധ സമരസമിതിയുടെ ആശങ്ക ശരിവെക്കുന്നതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വേർട്ടിബ്രറ്റ് സുവോളജി എന്ന ജർമൻ ജേണലിെൻറ പുതിയ ലക്കത്തിൽ പുതിയ ഇനം പല്ലികളെ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
