ആധാർ സേവനങ്ങൾക്ക് ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക്; 50 രൂപയുള്ള സേവനങ്ങൾക്ക് 75 രൂപയും 100 രൂപയുള്ള സേവനങ്ങൾക്ക് 125 രൂപയും നൽകണം
text_fieldsകോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഉത്തരവിറങ്ങി. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും. 2028 സെപ്റ്റംബർ 30 വരെയും 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയും രണ്ടുഘട്ടങ്ങളിലായുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.
ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്‍റെ അടയാളം എന്നിവ പുതുക്കുന്നതിനാണ് നിരക്ക് വർധിപ്പിച്ചത്. 2028 സെപ്റ്റംബർ 30 വരെ, 50 രൂപയുള്ള സേവനങ്ങൾക്ക് 75 രൂപയും 100 രൂപയുള്ള സേവനങ്ങൾക്ക് 125 രൂപയുമാണ് നിരക്ക്. 2028 ഒക്ടോബർ ഒന്നുമുതൽ, 75 രൂപയുടെ സേവനങ്ങൾക്ക് 90 രൂപയും 125 രൂപയുടെ സേവനങ്ങൾക്ക് 150 രൂപയുമാകും. പുതിയ ആധാർ എടുക്കലും അഞ്ചുമുതൽ ഏഴുവയസ്സുവരെയും 15 മുതൽ 17 വയസ്സ് വരെയുമുള്ളവരുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലും പഴയതുപോലെ സൗജന്യമാണ്. 17 വയസ്സിനുമുകളിലുള്ളവർക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 125 രൂപയാകും നിരക്ക്. 2028 ഒക്ടോബർ ഒന്നുമുതൽ 150 രൂപയും.
സംരംഭകർക്കുള്ള തുകയും കൂട്ടി
ആധാർ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നൽകുന്ന തുകയിലും വർധനവുണ്ട്. അഞ്ചുവയസ്സ് വരെയുള്ളവർക്ക് പുതിയ ആധാർ എടുക്കുന്നതിന് 75 രൂപയും അഞ്ചുവയസ്സിനു മുകളിലുള്ളവർക്ക് പുതിയ ആധാർ എടുക്കുന്നതിന് 125 രൂപയുമാണ് ലഭിക്കുക (ജി.എസ്.ടി ഉൾപ്പെടെ). അഞ്ചുമുതൽ ഏഴുവയസ്സുവരെയും 15 മുതൽ 17 വയസ്സ് വരെയുമുള്ളവരുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 125 രൂപയും(ജി.എസ്.ടി ഉൾപ്പെടെ).
നിലവിൽ ഇത് യഥാക്രമം 50 രൂപ, 100 രൂപ എന്നിങ്ങനെയാണ്. നിലവിലെ സേവനനിരക്ക് അപര്യാപ്തമാണെന്നും വർധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ‘ഫേസ്’ നൽകിയ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

