ഭിന്നശേഷിക്കാർക്ക് പുതിയ പദ്ധതികൾ
text_fieldsകൊച്ചി: ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് പുതിയ പദ്ധതികൾ നടപ്പാക്കുന്നു. സർക്കാർ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതി വ്യാപിപ്പിക്കാനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തുല്യത പരീക്ഷയെഴുതാൻ ധനസഹായം അനുവദിക്കാനുമുള്ള പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ട്രാൻസ്ജെൻഡേഴ്സിനായും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
സർക്കാർ കെട്ടിടങ്ങളിൽ ഭിന്നശേഷി സൗഹൃദസംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് കഴിഞ്ഞവർഷം കണ്ണൂർ ജില്ലയിൽ തുടക്കംകുറിച്ചിരുന്നു. ഇൗ വർഷം വയനാട്, മലപ്പുറം ജില്ലകളിൽകൂടി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പ് ജില്ല കലക്ടർമാർ വഴിയാണ്. കലക്ടർമാർ നിർദേശം സമർപ്പിക്കുന്നമുറക്ക് മറ്റുജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ് അസി. ഡയറക്ടർ എസ്. ജലജ ‘മാധ്യമ’ത്തോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സർക്കാർ കെട്ടിടങ്ങളിൽ തടസ്സമില്ലാതെ സഞ്ചരിക്കാൻ ലിഫ്റ്റുകളും വീൽചെയറുകൾക്ക് റാമ്പുകളും സജ്ജീകരിക്കും. പ്രത്യേക പാർക്കിങ് സൗകര്യവും ഒരുക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തുല്യത പരീക്ഷ എഴുതാൻ സാമ്പത്തികസഹായം അനുവദിക്കുന്ന പദ്ധതി സാക്ഷരത മിഷനുമായി ചേർന്നാണ് നടപ്പാക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചറിയൽ കാർഡ് നൽകാൻ 2.80 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. അപേക്ഷിക്കുന്നവർക്ക് ഇൗ വർഷംതന്നെ കാർഡുകൾ വിതരണം ചെയ്യും. ട്രാൻസ്ജെൻഡേഴ്സിെൻറ പ്രശ്നങ്ങളെയും അവകാശങ്ങളെയുംകുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിധവകളെ സംരക്ഷിക്കുന്നവർക്ക് ധനസഹായം നൽകുന്ന പുതിയ പദ്ധതിക്കും സർക്കാറിെൻറ അംഗീകാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
