വൈദ്യുത വാഹന വ്യാപനം ലക്ഷ്യമിട്ട് പുതിയ നയം; നിർദേശങ്ങൾ അവതരിപ്പിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ (ഇ.വി) വ്യാപനം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് പുതിയ നയം (ഇ.വി പോളിസി) വരുന്നു. രാജ്യത്ത് വൈദ്യുത വാഹന രജിസ്ട്രേഷനിൽ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. പുതിയ നയം തയാറാക്കുന്നതിന് മുന്നോടിയായി കരട് നയത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ നീതി ആയോഗും ആര്.എം.ഐയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ദി ശൂന്യ ഇ.വി കോണ്ക്ലേവി’ൽ കെ.എസ്.ഇ.ബി അവതരിപ്പിച്ചു. 2019ൽ തയാറാക്കിയ ഇ.വി നയത്തിന്റെ തുടർച്ചയായാണ് പുതിയ നയം ഒരുങ്ങുന്നത്. അഞ്ചുവർഷം കാലപരിധിയുള്ളതാവും പുതിയ ഇ.വി നയം.
കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യം ദേശീയതലത്തിൽ 2070 ഓടെയാണ് ലക്ഷ്യമിടുന്നതെങ്കിലും കേരളത്തിൽ 2050 ഓടെ സാധ്യമാക്കേണ്ടതുണ്ട് എന്നതാണ് പ്രധാന നിർദേശം. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇൻസെന്റീവ് അനുവദിക്കൽ, ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കൽ, വായ്പ സൗകര്യങ്ങൾ, ബോധവത്കരണം, ഗവേഷണം, പരാതി പരിഹാര സംവിധാനം എന്നിവക്ക് പ്രധാന്യം നൽകുന്ന നിർദേശങ്ങളാണ് കെ.എസ്.ഇ.ബി അവതരിപ്പിച്ചത്. നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കമ്മിറ്റി, സ്വന്തം ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് എന്നിങ്ങനെയുള്ള നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. 2026ൽ ആകെ വാഹനങ്ങളുടെ 15 ശതമാനം ഇ.വിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2027ൽ ഇത് 16 ശതമാനമായും 2028ൽ 19 ശതമാനമായും വർധിക്കണം. 2029ൽ പ്രതീക്ഷിക്കുന്ന ഇ.വി വാഹന സാന്നിധ്യം 22 ശതമാനമാണ്. 2030ഓടെ 27 ശതമാനത്തിൽ എത്തണമെന്നും കെ.എസ്.ഇ.ബി നിർദേശിക്കുന്നു. 2030 ഓടെ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന കാർബൺ മാലിന്യത്തിൽ 15.94 ടണ്ണിന്റെ കുറവ് എന്ന ലക്ഷ്യവും പുതിയ നയം തയാറാക്കുന്നതിൽ പരിഗണിക്കണമെന്നാണ് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്.
ഇ.വിയോട് ഇഷ്ടം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്ക് (ഇ.വി) പ്രിയമേറുന്നു. 2022 മുതൽ വിൽപനയിൽ ക്രമാനുഗത വർധനവ് പ്രകടമാണെന്ന് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാർച്ച് വരെ 2.53 ലക്ഷം വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ 10 ശതമാനത്തിലധികം ഇ.വി ആണ്. സംസ്ഥാനത്ത് ഇ.വി വിൽപനയിൽ കൂടുതൽ ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ഇ-റിക്ഷ, ചരക്കുനീക്കത്തിനുള്ള വാഹനങ്ങൾ എന്നിവയിൽ ഇ.വി സാന്നിധ്യം കുറവാണ്. കേരളത്തിൽ വിറ്റഴിച്ച ഇ.വികളിൽ 99 ശതമാനവും വ്യക്തിഗത ആവശ്യങ്ങൾക്കുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ 61.8 ലക്ഷം ഇ.വി വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോഴാണ് കേരളത്തിൽ 2.53 ലക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷൻ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

