13,859 രൂപയുടെ പുത്തൻ ഫോൺ അമിതമായി ചൂടാകുന്നു, ആവശ്യപ്പെട്ടിട്ടും മാറ്റി നൽകിയില്ല; 33,859 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsമലപ്പുറം: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നതിനാൽ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ച കമ്പനിയും ഇ-കൊമേഴ്സ് സ്ഥാപനവും നഷ്ടപരിഹാരം നൽകണമെന്ന് വിധി. മോട്ടോറോളക്കും ഫ്ലിപ്കാർട്ടിനുമെതിരെ മലപ്പുറം ജില്ല ഉപഭോക്തൃ കോടതിയുടേതാണ് വിധി. ഫോണിന്റെ വിലയായ 13,859 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയുമാണ് നൽകേണ്ടത്.
മലപ്പുറം ചോക്കാട് സ്വദേശി നിഷാദ് കിളിയമണ്ണിൽ 2024 ഏപ്രിൽ 24നാണ് പരാതി സമർപ്പിച്ചത്. 13,859 രൂപക്കാണ് നിഷാദ് മൊബൈൽ വാങ്ങിയത്. രണ്ട് ദിവസത്തിനുശേഷം ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് മൊബൈൽ മാറ്റി നൽകണമെന്ന് ഫ്ലിപ്കാർട്ടിനെ അറിയിച്ചു. എന്നാൽ തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വമില്ലെന്ന് അറിയിച്ച ഫ്ലിപ്കാർട്ട്, മോട്ടറോള കമ്പനിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഫോൺ മാറ്റി നൽകാനാവില്ലെന്നും റിപ്പയർ ചെയ്തു നൽകാമെന്നുമുള്ള മറുപടിയാണ് ലിച്ചത്. ഏഴു ദിവസത്തിനുള്ളിൽ മൊബൈലിന് എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ മാറ്റി നൽകുമെന്ന പോളിസി നിലനിൽക്കെയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഫലപ്രദമായ വില്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്നും അത് നല്‍കുന്നതില്‍ എതിര്‍കക്ഷികള്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയാണ് കമീഷൻ ഉത്തരവ്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതിക്കാരന് 9 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

