കല്ലുത്താൻകടവിലേക്ക് മാറ്റുന്ന മാർക്കറ്റ് സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും
text_fieldsകോഴിക്കോട്: കാലത്തിനനുസരിച്ച മാതൃകയിൽ കല്ലുത്താൻകടവിലൊരുക്കിയ ന്യൂപാളയം പഴം-പച്ചക്കറി മാർക്കറ്റ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കല്ലുത്താൻ കടവിലെ ചേരിനിവാസികളെ പുനരധിവസിപ്പിച്ച് അഞ്ചര ഏക്ര ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണിതെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പച്ചക്കറി മാർക്കറ്റിലെ മൾട്ടിലെവൽ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഹോൾസെയിൽ ആൻഡ് ഓപൺ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും നിർവഹിക്കും.
കോർപറേഷൻ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നതെന്ന് മേയർ പറഞ്ഞു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർണമായും പ്രാവർത്തികമാക്കിയിരിക്കുന്നത്. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്.
2009ലാണ് പദ്ധതിയുടെ കരാർ ഒപ്പുവെച്ചത്. കല്ലുത്താൻകടവിലെ ചേരി നിവാസികളെ പുനഃരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാർക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോർപറേഷൻ സ്ഥലം ഏറ്റെടുത്തിരുന്നു.
പാളയം മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോടു കൂടിയുള്ളതാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്. അഞ്ച് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ ആറ് ബ്ലോക്കുകളായിട്ടാണ് മാർക്കറ്റ് നിർമിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകൾഭാഗത്തുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിങ്ങിൽ ഒരേസമയം 500 ഓളം വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾ ഷോപ്പുകളാണ് ഉൾക്കൊള്ളുന്നത്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ പാളയം മാർക്കറ്റ് അവിടെ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴിൽരഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാർക്കറ്റിന്റെ ഭാഗമാക്കുന്നുണ്ട്. ഇതോടൊപ്പം സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ കൂടി സജ്ജീകരിക്കുമെന്ന് മേയർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ ഡോ. എസ്. ജയശ്രീ, പി.കെ. നാസർ, കോർപറേഷൻ സെക്രട്ടറി കെ.യു ബിനി, ഹെൽത്ത് ഓഫിസർ ഡോ. മുനവർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

