പുതിയ വിജ്ഞാപനം: വഴിവിട്ട നടപടികളുമായി തൊഴിലുറപ്പ് മിഷൻ
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞതിനാൽ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി സയറക്ടറായി തുടരുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചയാൾക്ക് പരമാവധി കാലം തസ്തികയിൽ തുടരാൻ തന്ത്രങ്ങളുമായി കേരള സംസ്ഥാന തൊഴിലുറപ്പ് മിഷൻ. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുമ്പ് പുതിയ വിജ്ഞാപനമിറക്കിയാണ് സംസ്ഥാന തൊഴിലുറപ്പ് മിഷൻ പുതിയ തന്ത്രം മെനയുന്നത്.
നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി തൊഴിലുറപ്പ് പദ്ധതി ജില്ല ഓംബുഡ്സ്മാൻമാരുടെ അപ്പലറ്റ് അതോറിറ്റിയുടെ അധികച്ചുമതലയും സോഷ്യൽ ഓഡിറ്റ് സയറക്ടർക്കാണ് നൽകിയിരിക്കുന്നത്. ഓംബുഡ്സ്മാന്മാരുടെ പെർഫോമൻസ് അപ്രൈസൽ കമ്മിറ്റിയിലെ അംഗം കൂടിയായ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ, അപ്പലറ്റ് അതോറിറ്റിയായി വരുന്നത് ചട്ടവിരുദ്ധമാണെങ്കിലും പരമാവധി അവസരം നൽകിയാൽ നിലവിലുള്ള അപ്പീലുകൾ മുൻ സർക്കാറിന് അനുകൂലമായി തീർപ്പാക്കിയെടുക്കാൻ കഴിയുമെന്ന നിലയിലാണ് പുതിയ നീക്കമെന്നാണ് ആക്ഷേപം.
പ്രായപരിധി കഴിഞ്ഞങ്കിലും സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ തൽസ്ഥാനത്ത് തുടരാൻ പ്രത്യേക അനുമതി നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിൽനിന്ന് അനുമതി തേടിയെങ്കിലും നിരസിക്കുകുയായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം നിരവധി പേർ അപേക്ഷിക്കുകയും ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും ചെയ്തു.
ഇന്റർവ്യൂ തീയതി നിശ്ചയിക്കും മുമ്പ് നിയമസഭതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മുൻ നടപടിക്രമങ്ങൾ തുടർന്നാൽ വെട്ടിലാകുമെന്ന് മനസ്സിലാക്കിയ സംസ്ഥാന മിഷൻ, മതിയായ യോഗ്യരായവരുടെ എണ്ണം കുറവാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വീണ്ടും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതുപ്രകാരമുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ, ഡയറക്ടർക്ക് സർവിസിൽ തുടരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

