അഞ്ചിൽ പിഴച്ചാൽ ലൈസൻസ് തെറിക്കും
text_fieldsതിരുവനന്തപുരം: വർഷം അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മോട്ടോർ വാഹന ചട്ടം സംസ്ഥാനത്തും പ്രാബല്യത്തിൽ വരുത്തി ഗതാഗത കമീഷണറേറ്റ് ഉത്തരവിറക്കി. ഗതാഗത കുറ്റത്തിന് ചലാൻ ലഭിച്ചാൽ അതിന്റെ തുക 45 ദിവസത്തിനുള്ളിൽ അടക്കണമെന്നാണ് വ്യവസ്ഥ.
ഇതിൽ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളെയും കരിമ്പട്ടികയിൽപെടുത്തും. നികുതി അടക്കുന്നത് ഒഴികെ മറ്റൊരു സേവനവും പരിവാഹൻ സൈറ്റിലൂടെ ഇത്തരം വാഹനങ്ങൾക്ക് ലഭ്യമാകില്ല. മേൽവിലാസം മാറ്റുക, ഉടമസ്ഥാവകാശം മാറ്റുക, വാഹനത്തിന്റെ ക്ലാസ് മാറ്റുക, പെർമിറ്റ്, ഫിറ്റ്നസ്, വായ്പ ഒഴിവാക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഇതോടെ തടസ്സപ്പെടുമെന്ന് ഗതാഗത കമീഷണറേറ്റ് വ്യക്തമാക്കുന്നു.
പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ആർ.സി ഉടമക്കെതിരെയാണ് എല്ലാ നിയമനടപടികളും. വാഹനം ഓടിച്ചത് മറ്റൊരാളാണെങ്കിൽ തെളിയിക്കേണ്ട ബാധ്യത ഉടമക്കാണ്. ചലാനെതിരെ പരാതിയുണ്ടെങ്കിൽ വാഹന ഉടമ നേരിട്ട് കോടതിയെ സമീപിക്കണം.
മൂന്നു മാസം വരെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. ഇത് സംബന്ധിച്ച് നടപടിയെടുക്കാനുള്ള അധികാരം ആർ.ടി.ഒക്കാണ്. ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് വാഹന ഉടമക്ക് തന്റെ വാദം അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് ചട്ടത്തിൽ പറയുന്നു. അമിതവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ തെറ്റിക്കൽ, പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃത പാർക്കിങ് എന്നിവയെല്ലാം ലൈസൻസ് റദ്ദാക്കുന്ന കുറ്റങ്ങളുടെ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

