കൂട്ടയോട്ടം, കലാജാഥ: മയക്കുമരുന്നിനെ നേരിടാൻ പുതിയ ദൗത്യം
text_fieldsതിരുവനന്തപുരം: കലാജാഥയും കൂട്ടയോട്ടവും കാൽപ്പന്ത് മേളയുമായി മയക്കുമരുന്നിനെതിരെ ബോധവത്കരണത്തിനു സർഗവഴികളുമായി യുവജനക്ഷേമ ബോർഡ്. ടെക്കികളും കലാകാരന്മാരും അഭിഭാഷകരും കായികതാരങ്ങളും സാംസ്കാരിക പ്രവർത്തകരുമടക്കം വിവിധ മേഖലകളിലെ യുവാക്കളെ അണിനിരത്തി മയക്കുമരുന്നിനെതിരെ പ്രതിരോധമൊരുക്കാനാണ് തീരുമാനം.
തുടക്കമായി 23ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടക്കും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. യുവജനക്ഷേമ ബോർഡിന് കീഴിലെ 'അവളിടം' യുവതി ക്ലബുകളുടെ നേതൃത്വത്തിൽ ഒരു നിയമസഭ മണ്ഡലത്തിൽ മൂന്നുകേന്ദ്രം എന്ന നിലയിൽ നവംബറിൽ കലാജാഥ നടക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളുടെ ന്യൂനതകൾ ചർച്ചചെയ്യാനും ശിപാർശ സമർപ്പിക്കുന്നതിനും യുവ അഭിഭാഷകരുടെ കൂട്ടായ്മ നടത്തും.
ലഹരിമുക്ത കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ 10ന് ഇൻഫോപാർക്കിലും നവംബർ 17ന് ടെക്നോപാർക്കിലും ഐ.ടി പ്രഫഷനലുകളുടെ കൂട്ടായ്മ നടത്തും. സംസ്ഥാനാടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ കൂട്ടായ്മ യുവജനക്ഷേമ ബോർഡിന്റെ കീഴിൽ രൂപവത്കരിച്ച 'മാരിവില്ല് ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ലോകകപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കും. മലപ്പുറത്താണ് സംസ്ഥാന തല മത്സരം. ഒപ്പം മുൻകാല താരങ്ങൾ പങ്കെടുക്കുന്ന മത്സരവും യുവതികൾക്കായുള്ള മത്സരവും സംഘടിപ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
റീൽസ്, ഹ്രസ്വചിത്രം
മയക്കുമരുന്നിനെതിരെ ഒരു മിനിറ്റ് ഷോർട്ട് വിഡിയോ നിർമിച്ചുനൽകുന്ന 10 പേർക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകും. 30 സെക്കൻഡിൽ താഴെയുള്ള വാട്സ്ആപ് സ്റ്റാറ്റസും റീൽസും നിർമിച്ചുനൽകുന്ന 10 പേർക്ക് വീതം 2000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകും. മയക്കുമരുന്നിനെതിരെ സോഷ്യൽ മീഡിയയിൽ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഓരോരുത്തരും ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കുന്ന വിഡിയോ സ്വന്തം പേജിൽ പോസ്റ്റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

